Description
Kaliyattam Every Year
നാറാത്ത് ശ്രീ പുതിയ ഭഗവതി ക്ഷേത്രം
നാറാത്ത് നാടിന്റെ പ്രധാന ആരാധനാമൂർത്തിയും ഈ ക്ഷേത്രത്തിലെ പ്രധാന ആരാധനാ മൂർത്തിയും നാട്ടു പരദേവത ശ്രീ പുതിയ ഭഗവതിയാണ്. ഉപദേവതകളായ ശ്രീമടയിൽ ചാമുണ്ഡി, വീരാളി, ഭദ്രകാളി എന്നിവരും ഉപദേവന്മാരായ വീരൻ ഗുളികൻ എന്നിവരെയും പ്രതിഷ്ഠിച്ചിരിക്കുന്നു. ഇവിടുത്തെ ദേവി മാരെല്ലാം ശക്തിയുടെ വിവിധ അവതാരങ്ങളാണ്. ഗുളികൻ ശൈവ രൂപവും. അകത്ത് ശക്തിയും പുറത്ത് ശിവനും എന്ന തത്വത്തിലാണ് ഇവിടുത്തെ ക്ഷേത്ര നിർമ്മിതി. ഹോമകുണ്ഡത്തിൽ നിന്ന് ലോക നന്മയ്ക്കായ് ജനിക്കപ്പെട്ടവളാണ് പുതിയ ഭഗവതി.
മേടം 2, 3, 4 തീയതികളിലാണ് ക്ഷേത്രത്തിൽ കളിയാട്ടം നടക്കുന്നത്. മേടം 4 ന് രാവിലെ ഉദയത്തിന് ശ്രീ പുതിയ ഭഗവതി അമ്മയുടെ പുറപ്പാട് നടക്കും. കിഴക്ക് ഉദയത്തിന്റെ പ്രകാശം പൊട്ടി വിടരുമ്പോൾ ഹോമാഗ്നിയിൽ നിന്നുയിർത്ത ദേവി അടിമുടി ജ്വലിച്ചു നിൽക്കും.പിന്നെ സന്ധ്യ യാകും വരെ ഭക്തജനങ്ങളുടെ ഇടയിലാണ്. ദു:ഖങ്ങളും പ്രശ്നങ്ങളും പരാതികളും ആവലാതികളും കേൾക്കുകയും പരിഹാരം നിർദ്ദേശിക്കുകയും ചെയ്യുന്നു.
തിരുനടയിലെത്തി അമ്മയുടെ മുമ്പിൽ വരുന്ന ഏതൊരാളും ആശ്വാസവും കാരുണ്യവും അനുഗ്രഹവും ലഭിച്ച ചാരിതാർത്ഥ്യത്തോടെ മാത്രമെ തിരിച്ചു പോവുകയുള്ളു. എത്ര തരം പ്രാരാബ്ദങ്ങളുണ്ടോ അത്രയും വൈവിധ്യമുള്ള പ്രാർത്ഥനകളുമാണ് ഇവിടെ സമർപ്പിക്കുന്നത്.
പോറ്റിപ്പൊലിക്കുന്ന അമ്മയായ ഭഗവതി തന്റെ മക്കളെ ഈ വരണ്ട ഭൂമിയിൽ നിന്നുയർത്തി തന്റെ ഉടയിലെ നിതാന്ത കുളിർമയിൽ വളർത്തിയെടുക്കുന്ന സ്നേഹവും കാരുണ്യവും അതിരില്ലാത്തതാണെന്ന് തോന്നിപ്പിക്കുന്ന നൂറു കണക്കിന് സംഭവങ്ങളാണ് കളിയാട്ട ദിവസം തിരുനടയിൽ അരങ്ങേറുന്നത്. തങ്ങളുടെ കുട്ടികളെ അമ്മയുടെ സുരക്ഷിതത്വത്തിൽ സമർപ്പിച്ച് ആയുരാരോഗ്യ സൗഖ്യം നേടാൻ ഭക്തജനങ്ങൾ തിരുനടയിൽ അടിമ യാക്കി വളർത്തുന്ന ഒരു പ്രാർത്ഥനയുണ്ട്. ഓരോ വർഷവും തിരുമുടി മുമ്പാകെ അടിമപ്പണം നൽകി തങ്ങളുടെ കുട്ടിയെക്കുറിച്ചുള്ള കാര്യങ്ങൾ നേരിട്ട് കേൾപ്പിക്കുന്നു.
“പാറിപ്പറന്ന് കളിക്കുന്ന കാലം ചെറകറ്റ് ഭൂമിയിൽ പതിയാത്ത തക്കവണ്ണം, പാദം കൊണ്ട് ചവിട്ടിയാലും പടം വീഴ്ത്തി കൊത്തിയാലും വിഷജ്വാല ഏൽക്കാതെ രക്ഷിച്ചു പോരും ഈ അന്നപൂർണ്ണേശ്വരി അഗ്നി പ്രപഞ്ചത്തി ഭൂലോക നായിക നാട്ടുപരദേവത പുതിയ ഭഗവതി” എന്നത് ഈ ക്ഷേത്രത്തിലെത്തുന്ന ഭക്തന്റെ നിത്യാനുഭവമാണ്.