Kaliyattam Every Year
കാങ്കോല്‍ ശ്രീ വെെദ്യനാഥേശ്വരക്ഷേത്രം
(തെക്കേന്‍ കരിയാത്തന്‍ കോട്ടം )
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കാങ്കോല്‍ വിളക്കിത്തല നായര്‍ തറവാടായകിഴക്കേ തറവാട്ടില്‍ താമസിച്ചിരുന്ന ചിണ്ടന്‍ കാരണവര്‍ക്ക് ചെറുകുന്നിലമ്മയെ കുളിച്ചു തൊഴണം എന്ന ആഗ്രഹം വന്നു, തറവാട്ടിലെ പരദേവത പണയക്കാട്ട് ഭഗവതിയെയും വിഷ്ണു മൂര്‍ത്തിയെയും തൊഴുത് യാത്ര തുടങ്ങി, പോകുന്നവഴി മണ്ടൂരിലുള്ള അളിയന്‍ കണ്ണന്‍ കാരണവരോട് കാര്യം പറഞ്ഞു അപ്പോള്‍ അദ്ദേഹവും കൂടെ കൂടി, വെെകുന്നേരം ക്ഷേത്രച്ചിറയില്‍ കുളിക്കുബോള്‍ ഒരാള്‍ കുളിക്കുന്നത് കണ്ടു സ്വസമുദായത്തില്‍ പെട്ട ആളാണ് എന്നറിഞ്ഞു, കണ്ണപുരം കോട്ടത്ത് കളിയാട്ടം ആണെന്നും കലശം കുളിക്കാന്‍ ആണ് വന്നത് എന്നും തെക്കേന്‍ കരിയാത്തന്‍ ആണ് പ്രധാന തെയ്യം എന്നും അദ്ദേഹം പറഞ്ഞു ,അദ്ദേഹം അവരെ അങ്ങോട്ട് ക്ഷണിച്ചു അവിടെ പോയി തൊഴുത് മടങ്ങാം എന്ന തോന്നല്‍ വന്നു, മൂന്ന് പേരും ചെറുകുന്നിലമ്മയെ തൊഴുത് യാത്ര തിരിച്ചു.
സൂര്യാസ്തമയം കഴിഞ്ഞ് ദീപം വെച്ചയുടനെ വെള്ളാട്ടം തിരുമുറ്റത്ത് എത്തി വെള്ളാട്ടത്തിന്‍റെ തകര്‍പ്പും തോറ്റവും എല്ലാം ശ്രദ്ധിച്ചു കേട്ട കാരണവര്‍മാര്‍ക്ക് വളരെ സന്തോഷം തോന്നി സാക്ഷാല്‍ തെയ്യം കണ്ടേ പോകുന്നുള്ളു എന്ന് ഉറപ്പിച്ചു, പിറ്റേന്ന് ഉദയ സൂര്യപ്രഭയോടെ വന്ന തെയ്യത്തെ കണ്ടു, തകര്‍പ്പും ചടങ്ങുകളും കണ്ടപ്പോള്‍ ഇങ്ങിനെ ഒരു തെയ്യം നമ്മുടെ നാട്ടില്‍ ഇല്ലല്ലോ ഈ ദെെവത്തെ നമുക്ക് കിട്ടിയാല്‍ പരിപാലിക്കാമായിരുന്നു എന്ന ആഗ്രഹം രണ്ട് പേര്‍ക്കും ഉണ്ടായി ,തിരക്കിനിടയില്‍ പോയി ദക്ഷിണ കൊടുത്ത് തൊഴുബൊള്‍ എന്നെ മനം നൊന്തു വിളിച്ചു അല്ലേ പുറപ്പെട്ടോളൂ ഞാന്‍ കൂട്ടിനുണ്ടാകും എന്ന് ദെെവം മൊഴി ചൊല്ലി രണ്ട് പേരും നല്ല സന്തോഷത്തോടെ യാത്രയായി, കണ്ണന്‍ കാരണവര്‍ മണ്ടൂരിലെ സ്വഭവനത്തിലേയ്ക്ക് പോയി ചിണ്ടന്‍ കാരണവര്‍ യാത്ര തുടര്‍ന്നു പെരുബുഴയില്‍ കടത്തു കാരനെ കാത്തിരുന്നു. കുറെ കഴിയുബോള്‍ ദാഹം തോന്നി അടുത്തുള്ള ഇടനാട് കുഞ്ഞി കണ്ണങ്ങാട്ട് തറവാട്ടില്‍ നിന്നും സംഭാരം കഴിച്ചു കടവും കടന്ന് യാത്ര തുടര്‍ന്നു കാങ്കോലില്‍ എത്തി കുളിക്കാതെ വീട്ടില്‍ കയറാന്‍ പറ്റില്ല. കാങ്കോല്‍ തോട്ടിന്‍റെ കരയിലുള്ള പനയുടെ ചുവട്ടില്‍ കുട വെച്ചു കുളിക്കാന്‍ ഇറങ്ങി, കുളി കഴിഞ്ഞു വന്നപ്പോള്‍ കുട കാണുന്നില്ല ശ്രദ്ധിച്ചു നോക്കിയപ്പോള്‍ ഒരാളുടെ പൊക്കത്തില്‍ കുട പൊങ്ങി നില്‍ക്കുന്നു.
കാരണവര്‍ ഉടന്‍ തന്നെ നാട്ടിലെ പ്രമാണി മാരെയൂം ജ്യോല്‍സരയെയും വരുത്തി ചിന്തിച്ചപ്പോള്‍ കണ്ണപുരം കോട്ടത്ത് നിന്നും കാരണവന്‍മാരുടെ പ്രാര്‍ത്ഥന കേട്ട ദെെവം കാങ്കോലിലേയ്ക്ക് കുടയില്‍ എഴുന്നള്ളിയിരിക്കുന്നതായി കണ്ടു. വെെദ്യനാഥേശ്വരനായ തെക്കേന്‍ കരിയാത്തനെ ക്ഷേത്രം നിര്‍മ്മിച്ചു പരിപാലിക്കാന്‍ നാട്ടുകൂട്ടവും സമുദായാംഗങ്ങളും തീരുമാനിച്ചു.
പുത്താലിക്കുണ്ടിന് കിഴക്കും കിഴക്കെ വീട്ടിന് തെക്കു ഭാഗത്തും പണയക്കാട്ട് ഭഗവതിയുടെ നാഗവനത്തിന് വടക്ക് ഭാഗത്ത് ആയി കുട ഉയര്‍ന്ന് നില്‍ക്കുന്ന സ്ഥലത്ത് തന്നെ ക്ഷേത്രം പണിയാന്‍ തീരുമാനിച്ചു. പ്രസ്തുത സ്ഥലം വെളിച്ചന്തോടന്‍ നബ്യാര്‍ എന്ന ജന്‍മി ദെെവത്തിന്‍റെ പേരില്‍ ജന്‍മം ആയി കൊടുത്തു, വിളക്കിത്തല നായര്‍മാരുടെ ഈ ക്ഷേത്രത്തില്‍ തെക്കേന്‍ കരിയാത്തന്‍, പണയക്കാട്ട് ഭഗവതി, വിഷ്ണു മൂര്‍ത്തി, രക്ത ചാമുണ്ഡി, കെെക്കോളന്‍, വെള്ളാരങ്ങര ഭഗവതി, ഗുളികന്‍, ശ്രീ ഭൂതം എന്നീ തെയ്യക്കോലങ്ങള്‍ ഉണ്ട്
ധനു 4 മുതല്‍ 7 വരെയാണ് കളിയാട്ടം, സര്‍പ്പക്കാവില്‍ ആയില്ല്യ പൂജയും നടത്താറുണ്ട്. ഭക്തന്‍മാരുടെ വകയായി ഗുളികന്‍ തെയ്യം നേര്‍ച്ചയായി മറ്റുള്ള ദിവസങ്ങളില്‍ നടത്താറുണ്ട്.
ക്ഷേത്രം ഇപ്പോള്‍ അഭിവൃദ്ധിയുടെ പാതയിലാണ്
കടപ്പാട് കാങ്കോല്‍ ശ്രീ വെെദ്യനാഥേശ്വരക്ഷേത്രം FB Page