After 24 Years
സ്വരൂപം:-കവയനാട്
കഴകം:- അടൂർ
തെയ്യം കെട്ട് നടക്കുന്ന ദേവസ്ഥാനം :-കടുമന വടക്കനടുക്കം ശ്രീ വയനാട്ട് കുലവൻ ദേവസ്ഥാനം
ദിവസം:-ഏപ്രിൽ 22,23,24(മേടം 9,10,11)
കൂവം അളക്കൽ:-മാർച്ച് 1
കലവറ നിറക്കൽ:-ഏപ്രിൽ 22
കോലധാരികൾ:- കണ്ടനാർ കേളൻ :-ഷിജു കൂടാനം
തൊണ്ടച്ചൻ :-ജയൻ കുറ്റിക്കോൽ
മറ്റ് തെയ്യങ്ങൾ:- വിഷ്ണു മൂർത്തി , കോരച്ചൻ തെയ്യം
കർമ്മികൾ:- വിഷ്ണു മൂർത്തി:-അനിൽ പൊടിപ്പളം കുമ്പടാജെ
തൊണ്ടച്ഛൻ:- കുമാരൻ പള്ളത്തടുക്കം
ചൂട്ടൊപ്പിക്കുന്ന കാരണവർ:-നാരായണൻ പനക്കുളം
കലവറ:-കുഞ്ഞിരാമൻ കടുമന
ഏറ്റുകാരൻ :-പ്രദീപ് അടുക്കത്തോട്ടി
കാടും പുഴയും കടന്ന് കടുമനയിലേക്ക്, തെയ്യം കാണാൻ വേറിട്ടൊരു യാത്ര
മുള്ളേരിയ: (കാസർകോട്) ഏപ്രിലിലും നിറഞ്ഞൊഴുകുന്ന പയസ്വിനിയിലെ തണുത്ത വെള്ളത്തിലൂടെ നടന്ന് കാടും പച്ചപ്പരവതാനി പോലെ പുല്ല് വളർന്ന തോട്ടത്തിലൂടെയും നടന്ന് കടുമനയുടെ പ്രകൃതിസൗന്ദര്യം ആവോളം ആസ്വദിച്ച് വയനാട്ടുകുലവനും കണ്ട് മടങ്ങാം. ഏപ്രിൽ 22 മുതൽ 24 വരെ നടക്കുന്ന കടുമന വയനാട്ടുകുലവൻ തെയ്യംകെട്ട് യാത്രാപ്രേമികൾക്കും ഭക്തർക്കും ഒരുപോലെ ആസ്വദിക്കാം.
ചെർക്കള-ജാൽസൂർ പാതയിൽ പൂവടുക്കയിൽനിന്ന് കാറഡുക്ക റിസർവ് വനത്തിലൂടെ ചെറിയ കോൺക്രീറ്റ് പാത. അരക്കിലോമീറ്റർ പാത കടന്നാൽ മുന്നിൽ അങ്ങകലെ നെല്ലിത്തട്ട് വനമേഖലയായ വലിയ മലകൾ കാണാം. അരക്കിലോമീറ്റർ അടുക്കത്തട്ടിയിലെ ഗ്രാമീണപാതയും കടന്നാൽ പയസ്വിനിപ്പുഴയുടെ തീരത്ത് എത്തും. പ്രത്യേകം അടയാളപ്പെടുത്തിയ വഴിയിലൂടെ പുഴ മുറിച്ച് നടക്കാം.
പലയിടത്തും മുട്ടുവരെ വെള്ളമുണ്ട്. വെള്ളത്തിലൂടെ നടക്കാൻ നല്ല സുഖം. ചുറ്റും വെള്ളവും പച്ചപ്പും നിറഞ്ഞ കാഴ്ചകൾ. നാട്ടുകാർ പ്രത്യേകം ഒരുക്കിയ വഴിയിൽ കൂടി മാത്രമേ പുഴയിലൂടെ നടക്കാൻ പാടുള്ളു. ബാക്കി പലയിടത്തും ചുഴികളുള്ള കുഴികളുണ്ട്. ഒരുപാട് അപകടങ്ങൾ സംഭവിച്ച വെള്ളക്കെട്ടിലേക്ക് ഇറങ്ങിയാൽ രക്ഷപ്പെടാൻ ബുദ്ധിമുട്ടാണ്.
പുഴയിൽ ഇറങ്ങിനടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് കുറച്ച് മുന്നോട്ട് നടന്നാൽ അടക്കത്തൊട്ടി തൂക്കുപാലം കടന്ന് കടുമനയിൽ എത്താം. കുറെ പേർ ഒന്നിച്ച് തൂക്കുപാലത്തിൽ കയറുന്നതും അപകടകരമാണ്. ഒരുഭാഗത്ത് പയസ്വിനിപ്പുഴയും ബാക്കി പാണ്ടി വനമേഖലയും ആയതിനാൽ ഒരു ദ്വീപ് പോലെയാണ് കടുമന. നല്ലൊരു റോഡ് ഇല്ല കടുമനയിലെത്താൻ. പഴയ ഓടിട്ട ഒന്നുരണ്ട് കടകളും വീടുകളും പച്ചപ്പുനിറഞ്ഞ കവുങ്ങിൽതോട്ടങ്ങളും കൊണ്ട് സമൃദ്ധമായ നാട്. 35 ഓളം വീടുകൾ മാത്രമാണ് കടുമനയിലുള്ളത്.
പുഴയോരത്ത് തന്നെയാണ് കടുമ വനദുർഗാ പരമേശ്വരി ക്ഷേത്രം. വിനോദസഞ്ചാരികൾ ഏറെ എത്തുന്ന കടുമന പുഴയോരത്താണ് ക്ഷേത്രം. പുല്ലുമേഞ്ഞ ക്ഷേത്രം അടുത്തിടെ നവീകരിച്ചു. ക്ഷേത്രവിശ്വാസപ്രകാരം എരുമപ്പാലും അതിൽനിന്ന് എടുത്ത നെയ്യും മാത്രമാണ് ക്ഷേത്രത്തിൽ ഉപയോഗിക്കുന്നത്. ക്ഷേത്രവും കടന്ന് കവുങ്ങിൽ തോട്ടത്തിലും 250 മീറ്റർ മുന്നോട്ട് പോയാൽ വയനാട്ടുകുലവൻ ദൈവസ്ഥാനത്തെത്താം.
24 വർഷത്തിനുശേഷമാണ് കടുമന വടക്കനടുക്കം ദേവസ്ഥാനത്ത് വയനാട്ടുകുലവന്റെ മുളച്ചൂട്ടിന്റെ തിരിതെളിയുന്നത്.
22-ന് രാവിലെ കലവറ നിറയ്ക്കൽ. 23-ന് വൈകീട്ട് ഭണ്ഡാരം എഴുന്നള്ളത്ത് തുടർന്ന് കോരച്ചൻ തെയ്യത്തിന്റെ വെള്ളാട്ടവും കണ്ടനാർകേളൻ തെയ്യത്തിന്റെ ബപ്പിടൽ ചടങ്ങും നടക്കും. രാത്രി വിഷ്ണുമൂർത്തി തെയ്യത്തിന്റെ തിടങ്ങലും വയനാട്ടുകുലവൻ തെയ്യത്തിന്റെ വെള്ളാട്ടവും. 24-ന് രാവിലെ കോരച്ചൻതെയ്യം, 11-ന് കണ്ടനാർകേളൻ. വെകീട്ട് മൂന്നിന് വയനാട്ടുകുലവൻ തെയ്യത്തിന്റെ പുറപ്പാടും ചൂട്ടൊപ്പിക്കലും നാലിന് വിഷ്ണുമൂർത്തി തെയ്യം. രാത്രി 11.30-ന് മറ പിളർക്കൽ. ചുറ്റും പുഴയും വനവുമായതിനാൽ കത്തുന്ന വേനലിലും സുഖമുള്ള കാലാവസ്ഥയാണ് കടുമനയിലേത്.
KADAPPAD