ഉമ്മച്ചി തെയ്യം.
വൈവിധ്യങ്ങൾ ആയ തെയ്യക്കോലങ്ങൾ കൊണ്ട് വിസ്മയം തീർക്കുന്ന നാടാണ് കാസർഗോഡ്.
കാസർഗോഡ് ജില്ലയിലെ മടിക്കൈ കക്കാട്ട് കൂലോത്ത് മേടം ഒമ്പതിനാണ് ഉമ്മച്ചി തെയ്യം കെട്ടിയാടുന്നത്. കൊലത്തിന്മേല്‍ കോലം ആയാണ് ഈ തെയ്യം കെട്ടിയാടുന്നത്. നീലേശ്വരം രാജവംശത്തിന്റെ ഉത്ഭവ കഥയുമായി ബന്ധപ്പെട്ട് കെട്ടിയാടുന്ന പടനായകനായ യോഗ്യാര്‍ നമ്പടി തെയ്യം ആട്ടത്തിനൊടുവില്‍ ഉമ്മച്ചി തെയ്യമായി മാറുകയാണ് ചെയ്യുക. പൂക്കട്ടി മുടിയും ദേഹത്ത് അരിചാന്തും അണിഞ്ഞു എത്തുന്ന യോഗ്യാർ നമ്പടി തെയ്യം ആട്ടത്തിനോടുവില്‍ തട്ടം ധരിച്ച് ഉമ്മച്ചി തെയ്യമായി മാറും. മുഖം മറച്ചു കൊണ്ട് ഈ തെയ്യം നെല്ലു കുത്തുന്ന അഭിനയവും മാപ്പിള മൊഴിയിലുള്ള ഉരിയാട്ടവും ശ്രദ്ദേയമാണ്.
നീലേശ്വരം കോവിലകത്ത് ജോലിക്കാരിയായിരുന്ന ഒരു മുസ്ലിം സ്ത്രീ നെല്ലു കുത്തുമ്പോള്‍ തവിട് തിന്നതിന്റെ പേരില്‍ കോവിലകത്തെ കാര്യസ്ഥനായിരുന്ന യോഗ്യാര്‍ നമ്പടി ആ സ്ത്രീയെ ഉലക്ക കൊണ്ടടിച്ച് കൊന്നു. എന്നാല്‍ ഇതിനു മറ്റൊരു ഭാഷ്യം ഉള്ളത് ഇങ്ങിനെയാണ്. “കാവിലെക്കുള്ള ഉണക്കലരി തയ്യാറാക്കുന്ന കൂട്ടത്തില്‍ അയൽപക്കത്തെ ഒരു ഉമ്മച്ചി (മുസ്ലിം സ്ത്രീ) ഉരലില്‍ നിന്ന് അരി വാരിയെടുത്ത് ഊതിപ്പാറ്റി വായിലിട്ടു നോക്കിയത്രേ. മേൽനോട്ടക്കാരനായ യോഗ്യാര്‍ ഇത് കണ്ടു കോപാകുലനാകുകയും കയ്യില്‍ കിട്ടിയ ഉലക്ക കൊണ്ട് അവളെ പ്രഹരിക്കുകയും ചെയ്തു. മർദ്ദനത്തില്‍ അടിയേറ്റ ഉമ്മച്ചി മരിച്ചു വീണു.” തുടർന്ന് ദുര്‍ നിമിത്തമുണ്ടാകുകയും ഈ മുസ്ലിം സ്ത്രീ പിന്നീട് ഉമ്മച്ചി തെയ്യമായും കാര്യസ്ഥന്‍ യോഗ്യാര്‍ നമ്പടി തെയ്യമായും പുനർജനിച്ചു എന്നാണു ഐതിഹ്യം.
മത സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി കാണാവുന്ന ഒരു തെയ്യമാണ് ഉമ്മച്ചി തെയ്യം.
പണ്ട് ബ്രാഹ്മണ സംസ്ക്കാരത്തിനു സമൂഹത്തില്‍ സ്വാധീനം കുറവായിരുന്ന കാലത്ത് സമൂഹങ്ങളില്‍ ജാതിയുടെയും മതത്തിന്റെയും അതിര്‍ വരമ്പില്ലാതെ ജനങ്ങള്‍ സാഹോദര്യത്തോടെ ജീവിക്കുകയും പണിയെടുക്കുകയും ചെയ്തതിന് തെളിവാണ് ഉമ്മച്ചി തെയ്യം.