Kaliyattam Every Year
മുക്കാതം നാടിതിങ്കൽ തിമിരി ഗോപുരം വാണ നാഥേ -യെന്ന് തോറ്റംപാട്ടിൽ പ്രകീർത്തിക്കപ്പെടുന്ന പതാളമൂർത്തി മടയിൽ ചാമുണ്ഡിയുടെ അള്ളടം നാട്ടിലെ സുപ്രധാന സങ്കേതമായ തിമിരി മോലോത്ത് ആണ്ടു കളിയാട്ട മഹോത്സവം ഏപ്രിൽ 28, 29, 30 തീയതികളിൽ കൊണ്ടാടുകയാണ്.
ആലന്തട്ട മടവാതിൽ കഴിഞ്ഞാൽ കാലഭൈരവിയായമടയിൽ ചാമുണ്ടിയുടെ വിഖ്യാതമായ സങ്കേതമാണ് തിമിരി ഗോപുരം. തിമിരി ശാസ്താവിൻ്റെ വലതുഭാഗത്തായി മടയിൽ ചാമുണ്ടിയും ഇടതു ഭാഗത്ത് കാട്ടുമൂർത്തിയായ വലിയവളപ്പിൽ ചാമുണ്ടിയും മുമ്പിലും പിറകിലുമായി മഹേശ്വരനും മഹാവിഷ്ണുവും കുടികൊള്ളുന്ന പുണ്യ സങ്കേതമാണ് തിമിരി മോലോം. ത്രിപുരാന്തകനായ മഹേശ്വരൻ്റെ സാന്നിദ്ധ്യത്താലാണ് ഈ ദേശം തിമിരിയെന്നറിയപ്പെടുന്നതെന്ന് പഴമൊഴി.
കളിയാട്ടത്തിൻ്റെ സമാപന നാളിൽ മദ്ധ്യാഹ്നത്തിലാണ് മടയിൽ ചാമുണ്ഡിയുടെ പുറപ്പാട്. മറ്റെങ്ങുമില്ലാത്ത വിധം അരങ്ങും ചടങ്ങും കൊണ്ട് ശ്രദ്ധേയമാണ് തിമിരിമടയിൽ ചാമുണ്ഡി . മണങ്ങിയാട്ടം - കോഴിചവുട്ട് - ചൂട്ടാട്ടം -കലശം- കുരുതി തർപ്പണം - വലിയവളപ്പിൽ ചാമുണ്ടിയുമായി കൂടിക്കാഴ്ച എന്നിവയ്ക്കു ശേഷം തിമിരി മാതാവ് വീണ് പിരിയുന്നതോടെ കളിയാട്ട സമാപനം.