Marakkappile Theyyangal – Novel – Ambikasuthan Mangad

Marakkappile Theyyangal – Novel – Ambikasuthan Mangad

ആഗോളീകരണാനന്തര കാലഘട്ടത്തില്‍ പ്രകൃതിയുടെ അപകടങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന അംബികാസുതന്‍ മാങ്ങാടിന്റെ ശ്രദ്ധേയമായ നോവലാണ് മരക്കാപ്പിലെ തെയ്യങ്ങള്‍. നവമുതലാളിത്തത്തിന്റെ നിഗൂഢതാത്പര്യങ്ങള്‍ നാട് കീഴടക്കുകയും നാട്ടുപാരമ്പര്യവും നാട്ടുഭാഷയും നാട്ടുതനിമകളും തച്ചുതകര്‍ക്കപ്പെടുമ്പോള്‍ പ്രതിരോധത്തിന്റെ ഗിരിശൃംഗങ്ങള്‍ തീര്‍ക്കപ്പെടാന്‍ ഇനിയും വൈകിക്കൂടാ എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് 2003-ല്‍ പുറത്തിറങ്ങിയ ഈ നോവല്‍. കാസര്‍ഗോഡ് ജില്ലയിലെ മരക്കാപ്പ് കടപ്പുറമാണ് നോവലിന്റെ പശ്ചാത്തലം. വടക്കേ മലബാറിലെ അനുഷ്ഠാന കലയായ തെയ്യത്തെ അടിസ്ഥാനമാക്കി നാടിന്റെയും നാട്ടാരുടെയും ഇന്നിന്റെ വൈഷമ്യങ്ങളിലൂടെ കടന്നുപോവുകയാണ് നാടകം. ടൂറിസത്തിന്റെ ഭാഗമായി കലകളും ആചാരങ്ങളും വിശ്വാസങ്ങളും ദേശസ്ഥാപനങ്ങളുമെല്ലാം ജനങ്ങളില്‍നിന്ന് ബലാല്‍ക്കാരമായി മാറ്റപ്പെടുന്ന ഒരു കാലത്തിന്റെ വ്യക്തവും ഉചിതവുമായ അടയാളപ്പെടുത്തലാണ് ഈ നോവല്‍. വിദേശികള്‍ക്കായി മാത്രം തെയ്യം അവതരിപ്പിക്കപ്പെടുവാന്‍ നിര്‍ബന്ധിതനാകുന്ന പെരുമലയന്‍ ഇതിന്റെ സൂചനയാണ്. എല്ലാം ഉപഭോഗച്ചരക്കാകുമ്പോള്‍ വാമൊഴിച്ചരിത്രത്തിന്റെ കേള്‍വിപ്പെരുമകളില്‍ നിന്ന് വീണ്ടെടുപ്പുകള്‍ക്കായി ചില കാതോര്‍ക്കലുകള്‍ ഉണ്ടാകുന്നു. ആധുനിക ജീവിതത്തിന്റെ പ്രതിസന്ധികളും പ്രതിരോധങ്ങളും എഴുതപ്പെടാത്ത ദേശചരിത്രങ്ങളും രേഖപ്പെടുത്തുകയാണ് അംബികാസുതന്‍ മാങ്ങാട് നോവലിലൂടെ. പ്രമേയത്തിലും രൂപഘടനയിലും വ്യത്യസ്തത പുലര്‍ത്തുന്ന മരക്കാപ്പിലെ തെയ്യങ്ങള്‍ ഡി26സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ കൃതിയുടെ ഒന്‍പതാം പതിപ്പ് ഇപ്പോള്‍ വായനക്കാര്‍ക്കു ലഭ്യമാണ്.

Chat Now
Call Now