ഒട — ജിൻഷാ ഗംഗയുടെ കഥാസമാഹാരം. പ്രസാധനം ഡി സി ബുക്സ്. ജിൻഷാ ഗംഗയുടെ ” ഒട ” കഥ സമാഹാരം ചുട്ടുപൊള്ളുന്ന ജീവിതയാഥാർത്ഥ്യങ്ങളുടെ നേർക്കാഴ്ചകൾ തരുന്ന വിങ്ങലുകളിലൂടെ മാത്രം വായിച്ചു പോകാൻ കഴിയാത്ത വിധം മനുഷ്യന്റെ മനോദുഃഖങ്ങളെ അത്രമേൽ ആഴത്തിൽ അടയാളപ്പെടുത്തിയ കഥകളാണ് ഓരോന്നും. വ്യത്യസ്ത തലങ്ങളിലൂടെ കഥ പറഞ്ഞു പോകുന്ന ഒമ്പത് കഥകളാണ് ” ഒട “എന്ന കഥ സമാഹാരത്തിൽ നിറഞ്ഞു നിൽക്കുന്നത്. അതിഭാവുകത്വങ്ങൾ ഒന്നുമില്ലാതെ അനുഭവ തീവ്രതയിൽ നിന്ന് ജീവൻ കൊടുത്തതാണ് ഇതിലെ ഓരോ കഥാപാത്രവും കഥയും കഥാസന്ദർഭങ്ങളും. “ഒട” യിലെ രാമൻ പണിക്കർ ദൈവത്തിന്റെ പ്രതിപുരുഷനോ ദൈവം തന്നെയോയായി കാവുകളിൽ നിറഞ്ഞു നിൽക്കുമ്പോഴും മനസ്സിൽ നിറയെ ദുഃഖത്തിന്റെയും അവഗണനയുടെയും ആട്ടിയോടിക്കലുകളുടെയുമൊക്കെ കനം പേറി നടക്കേണ്ടി വരുന്ന ഒരു വലിയ വിഭാഗം അനുഷ്ഠാന കലാകാരന്മാരുടെ പ്രതിരൂപം കൂടിയാണ് രാമൻ പണിക്കർ. ” ഹോ ഈ തീയിൽ കിടക്കുമ്പോൾ വല്ലാണ്ട് കുളിരുന്നു. തീച്ചാമുണ്ഡിക്കു അടയാളം വാങ്ങുമ്പോൾ അപ്പാപ്പന്റെ ചിതകത്തുന്ന കാഴ്ച മനസ്സിലെക്കെത്തി ” ആദ്യമായി തീച്ചാമുണ്ഡി കെട്ടിയാടാൻ നിയോഗം ലഭിച്ച് ഒട മുറുക്കി ഇറങ്ങുന്ന രാമൻ പണിക്കർ നൂറ്റൊന്ന് വട്ടം മലപോലെ ഉയർന്നുനിൽക്കുന്ന മേലേരിക്ക് മുകളിൽ വീണ് നിവരുമ്പോൾ ചുറ്റും ആർത്തനാദം പോലെ ജനാരവം ഉയരും പോരാ പോരാ എന്ന്. “പൊള്ളുമെന്ന് ചെറിയൊരു പേടി പോലും ഇണ്ടാവരുത് കനലാടിമാർക്ക് കനൽ പൊള്ളൂല……. പൊള്ളാൻ പാടില്ല “. പച്ച മാംസമാണ് തീയിൽ വെന്ത്പൊള്ളുന്നത് എന്നതിന് യാതൊരു പരിഗണനയും നൽകാതെ സാമാന്യ നീതി പോലും നിഷേധിക്കപ്പെട്ട് ആൾക്കൂട്ട ആരവങ്ങൾക്കും ആർപ്പുവിളികൾക്കും മുന്നിൽ മേലേരിയിലേക്ക് വലിച്ചെറിയപ്പെടുന്ന യൗവനങ്ങളുടെ പിൻകാല ദുരിതങ്ങൾ ആരും കാണുന്നില്ല എന്നതും ഇതിനൊപ്പം കൂട്ടി വായിക്കാം. “പൊള്ളലേറ്റ ഭാഗങ്ങളിൽ നെയ്യ് പുരട്ടുമ്പോൾ അമ്മയെ ഓർത്ത് കരഞ്ഞു. കരഞ്ഞു കരഞ്ഞ് ചുമച്ചു. ചുമച്ചപ്പോൾ വായിൽ വെണ്ണീർ ചുവച്ചു. പിന്നെ കുറെ നാളത്തേക്ക് എപ്പോൾ ചുമച്ചാലും വെണ്ണീർ ചുവയ്‌ക്കുമായിരുന്നു ” ആരോഗ്യ ദൃഢഗാത്രനാവണം തീച്ചാമുണ്ഡി കെട്ടുന്നവൻ എന്നാലല്ലേ നൂറോ നൂറ്റിപത്തോ തവണ തീയിൽ ചാടി നിവരാൻ തെയ്യത്തിനാവു. പ്രായമായ തെയ്യം കലാകാരൻ തീച്ചാമുണ്ഡി കെട്ടാൻ ആഗ്രഹം പ്രകടിപ്പിച്ചാലും കമ്മിറ്റിക്കാരും സമുദായക്കാരും സമ്മതിക്കില്ല. കാരണം കലയല്ല കാഴ്ചയാണ് മുഖ്യം. “തീച്ചാമുണ്ഡി മിനിമം നൂറ്റിപത്ത് വട്ടമെങ്കിലും തീയ്യില് തുള്ളിയാലേ കാണുന്നവർക്ക് ഒരു ത്രില്ല് ഉണ്ടാവു പണിക്കരെ ” തെയ്യം കലാകാരന്റെ ജീവിതവേഷങ്ങളെ മൗനദുഃഖങ്ങളെ ഒറ്റപ്പെടലുകളെ വേദനകളെ ജീവിത പ്രാരാബ്ധങ്ങളെ ഒക്കെ വളരെ കൃത്യമായി കാട്ടിത്തരാൻ , അവരുടെ ജീവിത സാഹചര്യങ്ങളെ ആഴത്തിൽ പഠനം നടത്തി ഹൃദയസ്പർശിയായി കഥ പറഞ്ഞ് നല്ല ഒഴുക്കുള്ള വായനാനുഭവം സമ്മാനിച്ച കഥ തന്നെയാണ് ജിൻഷയുടെ “ഒട “.
Kadappad: Viswambharan K