പരേതനായ പെരിയ അമ്പു കർണമൂർത്തിയുടെ പാരമ്പര്യം പിന്തുടർന്ന്, കുറ്റിക്കോൽ രാമൻ വൈദ്യന്റെയും നാരായണി അമ്മയുടെയും മകനായി ജനിച്ച കോലധാരിയാണ് മുരളി കുറ്റിക്കോൽ. ബാല്യകാലം മുതൽ തന്നെ തെയ്യംക്കലയുടെ ആത്മീയതയും അനുഷ്ഠാനപാരമ്പര്യവും ജീവിതത്തിന്റെ ഭാഗമാക്കിയ അദ്ദേഹം, പിതാവിന്റെയും ചിണ്ടൻ കർണമൂർത്തിയുടെയും സുകുമാരൻ കർണമൂർത്തിയുടെയും ശിക്ഷണത്തിൽ തെയ്യത്തിന്റെ ആദ്യപാഠങ്ങൾ അഭ്യസിച്ചു. ആടി വേടൻ തെയ്യം കെട്ടിയാടിക്കൊണ്ടാണ് അദ്ദേഹം തെയ്യലോകത്തേക്ക് ഔപചാരികമായി പ്രവേശിച്ചത്. തുടർന്ന് കുറ്റിക്കോൽ തമ്പുരാട്ടി ഭഗവതി ക്ഷേത്രത്തിൽ പുലികണ്ടൻ തെയ്യം കെട്ടി ശ്രദ്ധേയ സാന്നിധ്യമായി മാറി. പെരിയ പുലിഭൂത സ്ഥാനം മുതൽ വടക്കോട്ടുള്ള എല്ലാ ഐവർ ദേവസ്ഥാനങ്ങളിലും തെയ്യം കെട്ടിയാടാനുള്ള ഭാഗ്യം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കാർന്നോൻ തെയ്യം ആദ്യമായി കെട്ടിയാടിയത് പെരിയ പാലാട്ട് തറവാട്ടിലായിരുന്നു. പിന്നീട് പുലിക്കോട്ട് ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനത്ത് ആദ്യമായി കോരച്ചൻ തെയ്യം കെട്ടിയാടുകയും, ആലത്തിൻകടവ് ചെരക്കര തറവാട് വക ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനത്ത് ആദ്യമായി കണ്ടനാർ കേളൻ തെയ്യം കെട്ടിയാടാനുള്ള ഭാഗ്യവും അദ്ദേഹത്തെ തേടിയെത്തി. ഐവർ ദേവസ്ഥാനങ്ങളിലെ വിവിധ പുലിദൈവങ്ങളുടെ കോലങ്ങൾ ധരിച്ചിട്ടുള്ള മുരളി കുറ്റിക്കോൽ, കാലിച്ചാൻ തെയ്യം, മുത്തപ്പൻ വെള്ളാട്ടം, കന്നിക്കൊരു മകൻ, പുള്ളിപ്പൂവൻ, ഊർപഴശി വെള്ളാട്ടം തുടങ്ങി അനേകം തെയ്യങ്ങൾ കെട്ടിയാടിയിട്ടുണ്ട്. കൂടാതെ കിഴക്കൂലോം, മടിക്കൈ മാടം എന്നീ പ്രശസ്ത തെയ്യകേന്ദ്രങ്ങളിലും ദൈവമാകാൻ ഭാഗ്യം ലഭിച്ചു. കഴിഞ്ഞ 25 വർഷമായി കുറ്റിക്കോൽ തമ്പുരാട്ടി ഭഗവതി ക്ഷേത്രത്തിൽ കഴകം തുറക്കുന്ന പുല്ലൂർണൻ തെയ്യം കെട്ടിയാടുന്നത് അദ്ദേഹമാണ്. കനലാടി എന്ന നിലയിൽ അനുഷ്ഠാനത്തെ ജീവിതവ്രതമാക്കിയ മുരളിക്ക്, 2015-ൽ കർണാടകയിലെ സുള്ള്യ കല്ലമ്പി ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനത്ത് ആദ്യമായി ശ്രീ വയനാട്ടുകുലവന്റെ കോലം ധരിക്കാനുള്ള അപൂർവ ഭാഗ്യവും ലഭിച്ചു. കലാപാരമ്പര്യം കുടുംബത്തിൽ തലമുറകളായി തുടരുകയാണ്. സഹോദരനായ കൃഷ്ണൻ മാഷ് തെയ്യത്തിന്റെ തോറ്റംപാട്ടുകളിൽ പ്രാവീണ്യം തെളിയിച്ച കലാകാരനാണ്. മറ്റ് സഹോദരന്മാരായ ചന്ദ്രൻ, ജയൻ കുറ്റിക്കോൽ എന്നിവരും തെയ്യം അനുഷ്ഠാന രംഗത്ത് സജീവമാണ്. ആചാരാനുഷ്ഠാനങ്ങളുടെ വിശുദ്ധിയും തെയ്യകലയുടെ പാരമ്പര്യവും ഹൃദയത്തിൽ സൂക്ഷിച്ച് ഓരോ കോലവും ഭക്തിയോടും ആത്മസമർപ്പണത്തോടും കൂടി അവതരിപ്പിക്കുന്ന മുരളി കുറ്റിക്കോൽ, ഉത്തര മലബാറിന്റെ തെയ്യപാരമ്പര്യത്തിലെ ശ്രദ്ധേയ കലാകാരന്മാരിൽ ഒരാളാണ്.ഇനിയും അനേകം ദൈവകോലങ്ങൾ കെട്ടിയാടി തെയ്യകലയുടെ മഹത്വം വരുംതലമുറകളിലേക്ക് പകർന്നുനൽകാൻ അദ്ദേഹത്തിന് സർവേശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.