വണ്ണാൻ സമുദായത്തിലെ തെയ്യം കോലധാരികളിൽ, യുവതലമുറയിലെ ശ്രദ്ധേയനായ കനലാടിയാണ് ആദർശ് പെരുവണ്ണാൻ മാങ്ങാട്. കൊളച്ചേരി കരുമാരത്ത് ഇല്ലത്ത് വെച്ച് ഇദ്ദേഹത്തിന് പട്ടും വളയും നൽകി പെരുവണ്ണാൻ ആയി ആചാരപ്പെടുത്തി. മാങ്ങാട് ദേശത്തെ ചാത്തമ്പേത്ത് വളപ്പിൽ തറവാട്ടിൽ ജനനം. മാങ്ങാട്ടുപറമ്പ് നീലിയാർ കോട്ടത്തെ ഭഗവതിയെ കെട്ടിയാടാൻ അവകാശം ഉള്ള മാങ്ങാട് മാങ്ങാടന്റെ ( മുൻപങ്ങാടൻ ) പരമ്പരയിൽ അച്ഛൻ വഴിയും തളിയിൽ ഇല്ലത്ത് അമ്മ വഴിയും ബന്ധം. തന്റെ അഞ്ചാം വയസ്സിൽ ജന്മദേശം ആയ മാങ്ങാട് എരിഞ്ഞിക്കീൽ ശ്രീ ചുഴലി ഭഗവതി ക്ഷേത്രത്തിൽ കളിക്കതെയ്യം കെട്ടിയാടിക്കൊണ്ട് തന്റെ തെയ്യസപര്യ ഇദ്ദേഹം ആരംഭിച്ചു. ഇതേ ക്ഷേത്രത്തിൽ വെച്ചു തന്നെ തന്റെ പതിനഞ്ചാം വയസ്സിൽ പുലിയൂർ കണ്ണൻ തെയ്യം കെട്ടിയാടി തെയ്യം മേഖലയിൽ സജീവമായി. മുത്തപ്പൻ വെള്ളാട്ടം, പുലിയൂർ കണ്ണൻ, പുലികണ്ടൻ, ധൂളിയാംകാവിൽ ഭഗവതി, ഊർപ്പഴശ്ശി, തായ്‌പരദേവത, ചുഴലി ഭഗവതി, തിരുവർകാട്ട് ഭഗവതി( കളരിവാതുക്കൽ ), ചുകന്നമ്മ , ദൈവം നെടുബാലിയൻ, വീരൻ , വീരർകാളി, പുതിയ ഭഗവതി, ഭദ്രകാളി, തോട്ടുംകര ഭഗവതി, വയനാട്ടുകുലവൻ, കുടിവീരൻ, കണ്ടനാർ കേളൻ, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പുലിയൂർ കാളി, ധർമദൈവം, പടവീരൻ, കോഴികുളങ്ങര ഭഗവതി, വീരഞ്ചിറ ഭഗവതി, ഒളിമകൾ ഭഗവതി, നാഗകന്നി, കാരൻ ദൈവം, മാഞ്ഞാളമ്മ, കരിവേടൻ ദൈവം , തലച്ചിലോൻ ദൈവം, കുമ്പഴ വീരൻ എന്നിങ്ങനെ പ്രാധാന്യമുള്ളതും ദുഷ്കരവുമായ ഒട്ടനവധി തെയ്യക്കോലങ്ങളെ കെട്ടിയാടുവാൻ ഇതിനോടകം ഇദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു. തെയ്യം കെട്ട് മേഖലയിൽ കണിച്ചാമൽ നാരായണൻ പെരുവണ്ണാൻ ( വല്യച്ഛൻ ) ആണ് ഇദ്ദേഹത്തിന്റെ ഗുരുസ്ഥാനീയരിൽ പ്രഥമ സ്ഥാനത്ത്. അച്ചാച്ഛനും അച്ഛനും ഇപ്പോഴത്തെ മാങ്ങാട്ടെ മാങ്ങാടൻ ശൈലജൻ മാങ്ങാടനും ( ഇളയച്ഛൻ ) ഒക്കെ പകർന്നു നൽകിയ അറിവും കരുത്തുമാണ് ഇദ്ദേഹത്തിന്റെ പിൻബലം. ഹരിദാസൻ മാങ്ങാടൻ, ദിനേശൻ പെരുവണ്ണാൻ അഴീക്കോട്, ലക്ഷ്മണൻ പെരുവണ്ണാൻ അഴീക്കോട്, ബാബു പെരുവണ്ണാൻ അഴീക്കോട്, പത്മശ്രീ നാരായണൻ പെരുവണ്ണാൻ, മഴൂർ കുഞ്ഞിരാമൻ പെരുവണ്ണാൻ, ഒതേനൻ പെരുവണ്ണാൻ കയരളം, കൃഷ്ണൻ പെരുവണ്ണാൻ കാട്യം, നിവേഷ് പെരുവണ്ണാൻ കാട്യം, മനോജ് പെരുവണ്ണാൻ കണ്ണപുരം, ശശി പെരുവണ്ണാൻ കണിച്ചാമൽ, പുരുഷു പെരുവണ്ണാൻ നരീക്കാംവള്ളി, സിജേഷ് പെരുവണ്ണാൻ മഴൂർ, സുര പെരുവണ്ണാൻ പന്നിയൂർ എന്നിവരാണ് ഗുരുസ്ഥാനത്ത് കണക്കാക്കപ്പെടുന്നത്. നിലവിൽ നിട്ടൂകോമത്ത് ഭഗവതി ക്ഷേത്രത്തിൽ ആര്യക്കരകന്നി ഭഗവതിയുടെ തിരുമുടി അണിയാൻ ഉള്ള നിയോഗം കൈയേറ്റ്, അതിനായുള്ള ഒരുക്കത്തിൽ ആണ് ഇദ്ദേഹം. തുടർന്നും ഒട്ടനവധി തെയ്യക്കോലങ്ങളെ തന്നിലേക്ക് ആവേശിപ്പിച്ച് ഭക്തമനസ്സുകളിൽ അനുഗ്രഹം ചൊരിയുവാൻ ഇദ്ദേഹത്തിന് സാധിക്കട്ടെ എന്ന പ്രാർഥനയോടെ.. Kadappad: Ravanan