Aneesh Peruvannan, Vengara
-
ഇദ്ദേഹത്തെ പറ്റി പറയുമ്പോൾ ആദ്യമേ ഒരു കാര്യം ഇവിടെ ചേർക്കാൻ വടക്കൻ ആഗ്രഹിക്കുന്നു, അതിനു കാരണം ഇദ്ദേഹത്തിൻറ്റെ തെയ്യശൈലി തന്നെയാണ്. പഴയ തലമുറയിലെ തെയ്യത്തെ അതിൻറ്റെ എല്ലാ വിധ സൗന്ദര്യത്തിലും, ഗാഭീര്യത്തിലും, അനുഷ്ഠാനത്തിലും, കർമ്മത്തിലും തെയ്യമെന്ന ദേവ ദേവതാ സങ്കൽപത്തെ അതിൻറ്റെ തനിമ ഒട്ടും ചോരാതെ തൻറ്റേതായ ശൈലിയിൽ നമുക്ക് മുന്നിൽ കളിയാട്ട തിരുമുറ്റങ്ങളിൽ ദേവനൃത്തം ചെയ്തു ഭക്തർക്ക് വാക്കുകൊണ്ടും കുറികൊടുത്തും അനുഗ്രഹിച്ചു അവരുടെ മനസ്സു കുളിർപ്പിച്ചു. മാതമംഗലം കുറ്റൂർ സ്വദേശിയായ കണ്ണൻ കുറ്റൂരാനും, വെങ്ങരയുള്ള ചേയ്യികുട്ടിയമ്മയ്ക്കും പിറന്ന പൊന്മകൻ. വേടൻ തെയ്യം കെട്ടി കുട്ടികാലത്തു തന്നെ തെയ്യാട്ടത്തിലേക്കു കാലെടുത്തു വെച്ച ഇദ്ദേഹം, പിന്നീട് തെയ്യലോകത്തു സ്വന്തമായി ഒരു സ്ഥാനം കെട്ടിപടുത്തു. ജീവിതത്തിന്റെ തുടക്കത്തിൽ ലൈറ്റ് & സൗണ്ട് സ്ഥാപനം നടത്തുകയും പിന്നീട് കാലം കരുതിവെച്ച, ഉത്തര മലബാറിൻറ്റെ തെയ്യമെന്ന മഹത്തായ സാംസ്കാരിക പാരമ്പര്യത്തിൻറ്റെ വളരെ വേണ്ടപ്പെട്ട കണ്ണിയായി മാറുകയും ചെയ്തു. വെങ്ങര ചേണിച്ചേരി പുതിയവീട്ടിൽ പാടാർ കുളങ്ങര വീരൻ തെയ്യം കഴിച്ചാണ് ഇദ്ദേഹം തന്റെ സജീവ തെയ്യ ജീവിതം തുടങ്ങുന്നത്. അനീഷ് പെരുവണ്ണാൻറ്റെ ആദ്യകാല ഗുരു സ്വന്തം പിതാവും, തിരുവപ്പന ഗുരുസ്ഥാനികൻ സ്വന്തം ആപ്പൻ നാരായണ പെരുവണ്ണാനുമാണ്. സജീവ തെയ്യത്തിൽ ഇറങ്ങിയതിനു ശേഷം നമുക്കെല്ലാവർക്കും ആദരണീയനായ ഗുരുനാഥൻ, അതിയടത്തോറ് എന്നു വിളിക്കുന്ന അതിയടം കുഞ്ഞിരാമൻ പെരുവണ്ണാനെ ( അപ്പിച്ചി പെരുവണ്ണാൻ ) ഗുരുവായി സ്വീകരിക്കുകയും, തെയ്യത്തെ കുറിച്ചു അഗാധമായ പഠനം നടത്തുകയും, ആ വിദ്യ യഥാവിധി അഭ്യസിക്കുകയും ചെയ്തു. അനീഷ് പെരുവണ്ണാൻ സ്വന്തം സമുദായത്തിലെ പ്രധാന തെയ്യങ്ങൾ ഒക്കെയും കെട്ടിയാടിയിട്ടുണ്ട്. പുതിയ ഭഗവതി, വീരൻ, വീരാളി, കക്കര ഭഗവതി, നരമ്പിൽ ഭഗവതി, തൊണ്ടച്ചൻ, കുടിവീരൻ, ഗുരുക്കൾ, മാമ്പള്ളി ഭഗവതി, വലിയതമ്പുരാട്ടികൾ, കണ്ടനാർ കേളൻ, അന്തിത്തിറ, തിരുവപ്പൻ, ശ്രീ മുത്തപ്പൻ വെള്ളാട്ടം കന്നിക്കൊരുമകൻ തുടങ്ങി നിരവധി തെയ്യങ്ങൾക്ക് അദ്ദേഹം സ്വയംബലിയായി. കൂടാതെ മലയർ കെട്ടുന്ന ഗുളികൻ, പെരിയാട്ട് ചാമുണ്ടി തുടങ്ങിയ തെയ്യങ്ങളും ഇദ്ദേഹം കെട്ടിയാടി. വണ്ണാൻ സമുദായത്തിലെ പ്രധാന തെയ്യങ്ങളായ കണ്ണങ്കാട്ട് ഭഗവതി തിരുമുടി ഇദ്ദേഹം അണിഞ്ഞു കൂടാതെ മാടായി മുച്ചിലോട്ടുകാവിലും, വെങ്ങര മുച്ചിലോട്ടു കാവിലും, സർവ്വൈശ്വര്യ വരദായനിയായ അന്നപൂർണ്ണേശ്വരീ ശ്രീ മുച്ചിലോട്ടു ഭഗവതിയുടെ തിരുമുടി അണിഞ്ഞു. ആ സമുദായത്തിലെ പെൺകോലങ്ങളിൽ വെച്ചു ഏറ്റവും പ്രധാനപ്പെട്ടത് എന്നു പറയപ്പെടുന്ന കോലങ്ങൾ എല്ലാം അദ്ദേഹം കെട്ടികൂട്ടി. അതുപോലെ കുറ്റൂർ മൈലെഞ്ചേരി കാവിൽ വെച്ചു അദ്ദേഹം മൈലെഞ്ചേരി ഭഗവതിയുടെ കോലവും ധരിച്ചു. വയലപ്ര അണീക്കര, കതിവന്നൂർ വീരൻ തെയ്യം കെട്ടിയാണ് അദ്ദേഹത്തിന് പട്ടും വളയും കൊടുത്തു പെരുവണ്ണാൻ എന്ന ആചാരം കിട്ടിയത്. അതിനു ശേഷം അടുത്തില, ചിറയിൽ താറാവാട്ടില് വെച്ചു കണ്ടനാർ കേളൻ കെട്ടി, അടുത്തില കൂലോത്തിന്നും വീണ്ടും വള കൊടുത്തു ആദരിച്ചു. അനീഷ് പെരുവണ്ണാനെ കുറിച്ചു പറയുമ്പോൾ ഏറ്റവും ആദ്യം മനസ്സിലെത്തുക, അദ്ദേഹം സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച മാങ്ങാട് മന്നപ്പനായ കതിവന്നൂർ വീരൻ എന്ന തെയ്യത്തെ കുറിച്ചാണ്. കതിവന്നൂർ വീരനെ എല്ലാ അർത്ഥത്തിലും അദ്ദേഹം ധന്യമാക്കി, ആ രൂപത്തെ സ്വീകരിച്ചു കഴിഞ്ഞാൽ പിന്നെ അദ്ദേഹം മാങ്ങാട് മന്ദപ്പൻ ആയി മാറും, രൂപം കൊണ്ടും ഭാവം കൊണ്ടും കർമ്മം കൊണ്ടും വാക്കുകൊണ്ടും എല്ലാം. വെളുത്തു കുറിയ നായർ എന്നാണ് മന്ദപ്പനെ വിശേഷിപ്പിക്കുക, അതു അദ്ദേഹം കോലംകെട്ടിയാൽ കിറുകൃത്യം. തൻറ്റെ മുന്നിൽ വരുന്ന ഭക്തരെ മനസ്സിലാക്കി, അവർക്ക് ആവശ്യമുള്ള കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്ന അദ്ദേഹത്തിന്റെ തെയ്യങ്ങൾ കാണാനും കേൾക്കാനും പ്രത്യേക സുഖം തന്നെയാണ്, വാക്കുകൾക്കും അപ്പുറം. തന്റെ വാച്ചാല് കൊണ്ടു ഭക്തരെ തൃപ്തിപ്പെടുത്തുന്ന, ആവശ്യമുള്ള കലാശങ്ങൾ ഒക്കെയും കൃത്യമായും അനുഷ്ഠിക്കുന്ന, ലക്ഷണങ്ങളും നിമിത്തങ്ങളും നോക്കി യോഗങ്ങളും വാക്കുകളും പറയുന്ന ഒരു കോലക്കാരൻ, തെയ്യത്തിലെ ഒരു മാതൃക തന്നെയാണ്. Courtesy : Vadakkante Theyyangal