Athiyadam Ramaperuvannan

Athiyadam Ramaperuvannan

  • അതിയടം രാമപെരുവണ്ണാൻ തെയ്യം എന്ന അനുഷ്ഠാന കർമ്മത്തിന്റെ ലോകത്ത് തന്റേതായ മുദ്ര പതിപ്പിച്ച ഒരു കനലാടി ആണ് ശ്രീ അതിയടം രാമപ്പെരുവണ്ണാൻ അഥവാ കുറുമാച്ചി പെരുവണ്ണാൻ. അതിയടം കോരൻ പെരുവണ്ണാൻ എന്ന പ്രഗത്ഭനായ തെയ്യം കനലാടിയുടെ മകനായി ജനിച്ച ഇദ്ദേഹം, പിതാവിന്റെ പാതയിലൂടെ ചെറുപ്രായത്തിൽ തന്നെ സഞ്ചരിച്ച് തെയ്യ പ്രപഞ്ചത്തിൽ ഒരു അവിസ്മരണീയ ഘടകമായി മാറി. തന്റെ പതിനാലാം വയസ്സിൽ കടന്നപ്പള്ളി കളരിക്കൽ ക്ഷേത്രത്തിൽ വെച്ച് ഒറ്റക്കോലം കെട്ടിയാടിയതിന് ഇദ്ദേഹത്തെ പെരുവണ്ണാൻ ആയി ആചരിച്ചു. ഈ ക്ഷേത്രത്തിൽ വണ്ണാൻ സമുദായത്തിൽ ഉള്ളവർ ആണ് വാദ്യത്തോടൊപ്പം എല്ലാ തെയ്യങ്ങളും കെട്ടിയാടുന്നത്. തുടർന്ന് വയനാട്ടുകുലവൻ, തെക്കൻ കരിയാത്തൻ, തിരുവപ്പന, ദൈവം നെടുബാലിയൻ, പാലോട്ട് ദൈവം, പുതിയ ഭഗവതി, തായ് പരദേവത, പുലിയൂർ കാളി, വടക്കത്തി ഭഗവതി, കക്കറ ഭഗവതി, നരമ്പിൽ ഭഗവതി എന്നിങ്ങനെ സ്വന്തം സമുദായത്തിന് കല്പിച്ചു നൽകിയിട്ടുള്ള ഒട്ടുമിക്ക തെയ്യങ്ങളും കെട്ടിയാടി. കുറുമാച്ചി പെരുവണ്ണാൻ എന്ന പേര് കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ തലമുറയിൽ ജീവിച്ചു വന്ന ആളുകൾക്ക് പ്രധാനമായും പറയാൻ ഉള്ളത്, അദ്ദേഹം കെട്ടിയാടിയിട്ടുള്ള കതിവനൂർ വീരൻ, കണ്ടനാർ കേളൻ എന്നീ തെയ്യങ്ങളെ പറ്റിയാണ്. മന്ദപ്പന്റെ ജീവിതം പകർന്നാടുന്നതിൽ ഇദ്ദേഹത്തിന് ഉണ്ടായിരുന്ന പ്രാഗല്ഭ്യം മറ്റു തെയ്യക്കാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. മെയ് വഴക്കം കൊണ്ടും കളരി അഭ്യാസങ്ങൾ കൊണ്ടും ദൈവത്തെ തോറ്റി ഉണർത്താൻ ഉള്ള കഴിവ് കൊണ്ടും തന്നെ എണ്ണിയാൽ തീരാത്ത അത്രയും കതിവനൂർ വീരൻ തെയ്യം ഇദ്ദേഹം കെട്ടിയാടി. തീക്കോലങ്ങളിൽ പ്രധാനപ്പെട്ട ഒരു തെയ്യമായ കണ്ടനാർ കേളൻ കെട്ടിയാടുന്നതിൽ ഇദ്ദേഹത്തെ കവച്ചുവെക്കാൻ ഒരു കോലക്കാരൻ ഇല്ല എന്ന അഭിപ്രായം ആണ് ഒരേ സമയം തെയ്യപ്രേമികളിൽ നിന്നും കനലാടിമാരിൽ നിന്നും അറിയാൻ സാധിക്കുന്നത്. ഇന്നത്തെ പല കോലക്കാരും ഈ തെയ്യത്തെ പ്രഹസനം ആക്കുമ്പോൾ, തെയ്യത്തെ അതിന്റെ പൂർണരൂപത്തിലും ഭാവത്തിലും കെട്ടിയാടി വിജയിപ്പിച്ച ഒരു ചരിത്രം പറയാൻ ഉണ്ട് ഇദ്ദേഹത്തിന്. കാലത്തിന്റെ നൗകയിലേറി അദ്ദേഹം ഇന്ന് വാർദ്ധക്യസഹജമായ ക്ഷീണത്തിൽ ആണെങ്കിലും ജനമനസ്സിൽ ഇദ്ദേഹത്തിന്റെ പേരിന് എന്നും വീരയൗവ്വനം ആണ്. ഇനിയും ഒട്ടനവധി വർഷങ്ങൾ ആധിയും വ്യാധിയും വരുത്താതെ സർവേശ്വരൻ ഇദ്ദേഹത്തെ പരിപാലിക്കട്ടെ എന്ന പ്രാർഥനയോടെ 🙏🏻 ©️ അശ്വിൻ_കോലത്തുവയൽ
Chat Now
Call Now