ഇദ്ദേഹത്തെ പറ്റി പറയുമ്പോൾ ആദ്യമേ ഒരു കാര്യം ഇവിടെ ചേർക്കാൻ ആഗ്രഹിക്കുന്നു, അതിനു കാരണം ഇദ്ദേഹത്തിൻറ്റെ തെയ്യശൈലി തന്നെയാണ്. പഴയ തലമുറയിലെ തെയ്യത്തെ അതിൻറ്റെ എല്ലാ വിധ സൗന്ദര്യത്തിലും, ഗാംഭീര്യത്തിലും, അനുഷ്ഠാനത്തിലും, കർമ്മത്തിലും തെയ്യമെന്ന ദേവ ദേവതാ സങ്കൽപത്തെ അതിൻറ്റെ തനിമ ഒട്ടും ചോരാതെ തൻറ്റേതായ ശൈലിയിൽ നമുക്ക് മുന്നിൽ കളിയാട്ട തിരുമുറ്റങ്ങളിൽ ദേവനൃത്തം ചെയ്തു ഭക്തർക്ക് വാക്കുകൊണ്ടും കുറികൊടുത്തും അനുഗ്രഹിച്ചു അവരുടെ മനസ്സു കുളിർപ്പിച്ച കോലാധാരി. ഇരിക്കൂർ കുയിലൂർ സ്വദേശി. ആടിവേടൻ കെട്ടി കുട്ടികാലത്തു തന്നെ തെയ്യാട്ടത്തിലേക്കു കാലെടുത്തു വെച്ച ഇദ്ദേഹം, പിന്നീട് തെയ്യലോകത്തു സ്വന്തമായി ഒരു സ്ഥാനം കെട്ടിപടുത്ത വ്യക്തിയാണ്. പാടാർകുളങ്ങര വീരൻ തെയ്യം കെട്ടിയാണ് ബാബു പെരുവണ്ണാൻ ഈ രംഗത്തേക്ക് ചുവട് വച്ചത്. ഏകദേശം 22 വർഷങ്ങൾക്ക് മുന്നേ എളമ്പാറ ശ്രീ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി അണിയാൻ വേണ്ടി ആചാരപ്പെട്ട ഇദ്ദേഹം തളിപ്പറമ്പ് ക്ഷേത്രത്തിൽ നിന്നാണ് പട്ടും ആചാരവളയും സ്വീകരിച്ചത്. വാണിയ സമുദായത്തിലെ പ്രധാന ദേവതയായ മുച്ചിലോട്ട് ഭഗവതി തെയ്യം നിരവധി മുച്ചിലോട്ട് കാവുകളിൽ ഇദ്ദേഹം കോലം ധരിച്ചിട്ടുണ്ട്. നീണ്ട ഒമ്പത് പതിറ്റാണ്ടുകളുടെ ദൈർഘ്യമേറിയ ഇടവേളക്ക് ശേഷം 2022 ൽ മട്ടന്നൂരിനടുത്ത് എളമ്പാറ ശ്രീ കിഴക്കേടത്ത് ഭഗവതി ക്ഷേത്രത്തിൽ രൗദ്ര മൂർത്തി ഭാവമായ പടിക്കൽ ഭഗവതി അമ്മയുടെ തിരുമുടി അണിയാൻ ബാബു പെരുവണ്ണാന് ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. മുച്ചിലോട്ട് ഭഗവതി തെയ്യത്തിൽ ഇദ്ദേഹത്തിനുള്ള വൈഭവം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അറയിൽ ചുകന്നമ്മ,വയനാട്ടുകുലവൻ,പുതിയ ഭഗവതി,രുതിര പൂമാല ഭഗവതി, മുത്തപ്പൻ,വപ്പൂര മുത്താച്ചി എന്നിങ്ങനെ നിരവധി തെയ്യക്കോലങ്ങൾ ധരിച്ചിട്ടുണ്ട്. ലക്ഷണങ്ങളും നിമിത്തങ്ങളും നോക്കി യോഗങ്ങളും വാക്കുകളും പറയുന്ന ഒരു കോലക്കാരൻ. നിരവധി തെയ്യകോലധാരികൾ ഇദ്ദേഹത്തിന്റെ ശിക്ഷണത്തിൽ വളർന്നു വന്നിട്ടുണ്ട്. ആചാര അനുഷ്ടാന പൂർവ്വം തിരുമുടി അണിഞ്ഞു ഭക്ത മനസ്സുകളിൽ ഇടം നേടിയ ഈ കോലധാരി ഉയർച്ചയുടെ പടവുകൾ കയറി ഇനിയും ഉന്നതിയിൽ എത്തട്ടെ🙏🏼 തെയ്യം തിറയാട്ടം