Balakrishnan Karnamoorthi

Balakrishnan Karnamoorthi

  • ചെറുകുന്ന് ഒതയമ്മാടം സ്വദേശിയാണ്. വളരെ ചെറുപ്പത്തിൽ തന്നെ ആടി വേടൻ കെട്ടി തുടങ്ങി, പിന്നീട് മാച്ചിത്തോൽ തറവാട്ടിൽ തന്റെ പതിനെട്ടാം വയസ്സിൽ കുടിവീരൻ തെയ്യം കെട്ടിയാണ് തലപ്പാളിയണിഞ്ഞത്. പിന്നീട് മാച്ചിത്തോൽ തന്നെ നിരവധി തവണ കണ്ടനാർ കേളൻ തെയ്യം കെട്ടി തെയ്യക്കാരനായി മാറി. ഒതയമ്മാടം ശ്രീ വേട്ടക്കരുമകൻ ക്ഷേത്രത്തിൽ വേട്ടക്കരുമകൻ തെയ്യം കെട്ടുന്നതിനായി "പെരുവണ്ണാനായി " തന്റെ ഇരുപതാം വയസ്സിൽ പട്ടും വളയും വാങ്ങി ആചാരപ്പെട്ടു. 40 വർഷത്തിലധികമായി ഒതയമ്മാടം വേട്ടക്കരുമകൻ തെയ്യത്തിന്റെ തിരുമുടി അണിയുന്നത് ബാലകൃഷ്ണൻ കർണ്ണമൂർത്തിയാണ്. രാമന്തളി താവരിയാട്ട് വേട്ടക്കരുമകൻ ക്ഷേത്രത്തിലേക്ക് "കർണ്ണ മൂർത്തിയായി " ആചാരപ്പെടുവാനുള്ള മഹാഭാഗ്യം സിദ്ധിച്ചത് ബാലകൃഷ്ണ പെരുവണ്ണാനാണ്. ചിറക്കൽ കോവിലകത്ത് നിന്നും കച്ചും ചുരികയും നൽകി, കോലസ്വരൂപത്തിലെ ആദ്യത്തെ കർണ്ണമൂർത്തിയായി ഇദ്ദേഹത്തെ ആചാരപ്പെടുത്തി. കീച്ചേരി ചിറക്കുറ്റി പുതിയഭഗവതി ക്ഷേത്രത്തിൽ കഴിഞ്ഞ 32 വർഷത്തിലധികമായി പുതിയ ഭഗവതി തെയ്യം ബാലകൃഷ്ണൻ കർണ്ണ മൂർത്തിയാണ് കെട്ടിയാടുന്നത് . മോറാഴ പാലക്കുന്ന് ധർമ്മ ദേവസ്ഥാനത്ത് കന്നിക്കൊരുമകൻ അദ്ദേഹം കെട്ടിയാടുന്ന മറ്റൊരു പ്രധാനപ്പെട്ട തെയ്യമാണ്. പയ്യന്നൂർ വടശ്ശേരി പെരിങ്ങോട്ടില്ലത്തിൽ മാത്രം കെട്ടിയാടുന്ന ഹനുമാൻ തെയ്യം രൂപകല്പന ചെയ്ത് 11 വർഷമായി കെട്ടിയാടുന്നത് ബാലകൃഷ്ണൻ കർണ്ണ മൂർത്തിയാണ്. തിരുവപ്പൻ,വയനാട്ടുകുലവൻ, ക്ഷേത്രപാലകൻ , വലിയ തമ്പുരാട്ടി, തോട്ടുംകര പോതി, കണ്ടനാർ കേളൻ, നരമ്പിൽ ഭഗവതി തുടങ്ങി സമുദായത്തിന് കല്പിച്ച് കിട്ടിയ തെയ്യങ്ങളിൽ മിക്ക തെയ്യങ്ങളുടെയും കോലധാരിയാകുവാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. അണിയലനിർമ്മാണത്തിലും , മുഖത്തെഴുത്തിലും,തോറ്റംപാട്ടിലും തന്റെതായ ഒരു വ്യക്തിമുദ്ര ബാലകൃഷ്ണൻ കർണ്ണ മൂർത്തിയുടേതായിട്ടുണ്ട്. ഹാസ്യ തെയ്യങ്ങളായ പൊറാട്ട് തെയ്യങ്ങൾ കെട്ടി ഭക്തരെ ചിരിപ്പിക്കുന്നതിൽ പ്രത്യേകതരം കഴിവ് തന്നെയാണ് ബാലകൃഷ്ണൻ കർണ്ണ മൂർത്തിയുടേത്. കർണ്ണമൂർത്തിയായ് ആചാരപ്പെട്ടതിനാൽ പൊറാട്ടു തെയ്യങ്ങൾ ഇനി ഇദ്ദേഹത്തിന് കെട്ടുവാൻ സാധിക്കില്ല. തെയ്യക്കാലത്ത് തെയ്യവും, അല്ലാത്തപ്പോൾ അണിയലങ്ങളുടെ നിർമ്മാണവുമായി മുഴുവൻ സമയവും തെയ്യങ്ങൾക്ക് ആയി ജീവിക്കുകയാണ് അദ്ദേഹം . തെയ്യത്തിന്റെ എല്ലാ തലങ്ങളിലും കഴിവുതെളിയിച്ച ശ്രീ ബാലകൃഷ്ണൻ കർണ്ണ മൂർത്തിക്ക് അർഹതയ്ക്കുള്ള അംഗീകാരമായ് 2022 വർഷത്തെ ഫോക് ലോർ അക്കാദമി അവാർഡ് ലഭിച്ചിരുന്നു.. ഇനിയും ഒട്ടനേകം വർഷങ്ങൾ അദ്ദേഹത്തിന് തെയ്യങ്ങൾ കെട്ടിയാടാൻ സാധിക്കട്ടെ എന്ന പ്രാർഥനയോടെ.. കടപ്പാട്: ©️Ranjith Chenichery
Chat Now
Call Now