കണ്ണൻ – പാറു ദമ്പതികൾക്ക് ജനിച്ച പൊന്മകൻ, ചെറുപ്രായത്തിൽ മഹത്തായ തെയ്യ പാരമ്പര്യത്തിലേക്ക് കാലെടുത്തു വെച്ചു, ശ്രീ മുത്തപ്പൻ വെള്ളാട്ടമുൾപെടുന്ന മുഖ്യ തെയ്യ കോലങ്ങൾ അണിഞ്ഞു തുടങ്ങി. തന്റ്റെ 38 ആം വയസ്സിൽ, 1993ൽ കുണ്ടത്തിൽ കാവിൽ പുതിയ ഭഗവതി കോലം അണിഞ്ഞുകൊണ്ട്, അടുത്തില പടിഞ്ഞാറേ കൂലോത്ത് നിന്ന് പെരുവണ്ണാൻ സ്ഥാനികനായി ആചാരപെട്ടു. ഇപ്പോൾ ഈ അറുപതിലും അദ്ദേഹം വിവിധ തെയ്യകോലങ്ങൾ അണിഞ്ഞു തെയ്യലോകത്തു സജീവമായി നിലനിൽക്കുന്നു. ഒട്ടനവധി തെയ്യങ്ങൾക്ക് തൻമുഖശോഭ കൊടുത്ത അദ്ദേഹം അണിയാത്ത കോലങ്ങൾ വളരെ ചുരുക്കം, കതിവന്നൂർ വീരൻ, ഗുരുക്കൾ, കക്കര ഭഗവതി, പുതിയ ഭഗവതി, കണിയാൽ ഭഗവതി, നരമ്പിൽ ഭഗവതി, ആദിതീയൻ തൊണ്ടച്ചൻ ദൈവം, സോമേശ്വരി, തിരുവപ്പന, ശ്രീ മുത്തപ്പൻ വെള്ളാട്ടം തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത തെയ്യങ്ങൾ. മാടായിക്കാവിലെ ഉപദേവതയുടെ കോലധാരി കൂടെയാണ് ഇദ്ദേഹം. ഇദ്ദേഹത്തിൻറ്റെ പെൺകോലങ്ങൾ അതിഗംഭീരമാണ്, ശബ്ദം അതിമനോഹരവും സ്ഫുടവും, കതിവന്നൂർ വീരൻ തെയ്യത്തിനു ഒരു അഭിവാജ്യ ഘടകം തന്നെയാണ് ഇദ്ദേഹം. തോറ്റം ചൊല്ലൽ, മുഖതെഴുത്ത്, അണിയല നിർമാണം, തിരുമുടികൾ, മുൻപുസ്ഥാനം, പുതിയ തെയ്യകാരെ വാർത്തെടുക്കുനത്തിൽ എന്നിങ്ങനെ തെയ്യവുമായി ബന്ധപെട്ട് എല്ലാം മേഖലയിലും കഴിവ് തെളിയിച്ച വ്യക്തിത്വം, വളരെ വിശിഷ്ടമായ സ്വഭാവതിനുടമ. കുഞ്ഞിരാമ പെരുവണ്ണാനെ പറ്റിയുള്ള വിശേഷണങ്ങൾ അനവധി. അണിയറയിൽ ഇദ്ദേഹത്തിൻറ്റെ സാന്നിധ്യം ഉണ്ടെങ്കിൽ എല്ലാവർക്കും ഒരു ആശ്വാസമാണ്, എന്തെന്നാൽ എല്ലാം കണ്ടറിഞ്ഞു ചെയ്യുന്ന ഒരു വിശേഷ സ്വഭാവം ഇദ്ദേഹത്തിനു ഉണ്ട്, അതൊക്കെ കൊണ്ട് തന്നെയാണ് ഇദ്ദേഹത്തെ ചെങ്ങൾ പെരുവണ്ണാൻ എന്ന് വിളിക്കപെടുന്നതും. ഇന്ന് തെയ്യം എന്ന അനുഷ്ടാനത്തെ, തനിമ ചോരാതെ പുതുതലമുറയിലേക്ക് പകർത്തുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നു. പുതുതലമുറയിൽപെട്ട കോലക്കാർക്ക് എന്നും ഒരു മാർഗ ദർശിയാണ് ഇദ്ദേഹം… ഇതിനൊക്കെ പുറമേ ഒരു വിശിഷ്ടനായ നാട്ടുവൈദ്യൻ കൂടെയാണ് ഇദ്ദേഹം. Courtesy : Vadakkante Theyyangal