Gangadharan Kolathur

Gangadharan Kolathur

  • കൊളത്തൂർ സ്വദേശി. വണ്ണാൻ സമുദായാംഗം. കെട്ടിയാടിയ കോലങ്ങളില്ലെങ്കിലും കെട്ടിയിറക്കാത്ത കോലങ്ങൾ നന്നേ ചുരുക്കം. ശാരീരിക അവശതകളാൽ കെട്ടിയാട്ട രംഗത്തു സജീവമല്ലെങ്കിലും ഒരു കെട്ടിയാട്ടക്കാരനെന്നതിലുപരി പ്രാധാന്യം അർഹിക്കുന്ന വ്യക്തിത്വം ശ്രീ കൊളത്തൂർ ഗംഗാധരൻ എന്ന ഗംഗേട്ടൻ. കൊളത്തൂർ ഒതേന പെരുവണ്ണാന്റെയും കല്യാണിയമ്മയുടേയും മകൻ. ഏറ്റവും മികച്ച ഒരു അണിയറ സഹായി ആണു ശ്രീ ഗംഗാധരൻ കൊളത്തൂർ. അണിയലങ്ങൾ നിർമ്മിക്കുന്നതിൽ അതീവ സാമർത്ഥ്യം ഉള്ള വ്യക്തിയാണിദ്ദേഹം. കൂടാതെ തികഞ്ഞ ഒരു മുഖത്തെഴുത്തുകാരൻ എന്ന നിലയിലും പ്രശസ്തനാണ്. ഒട്ടു മിക്ക തെയ്യക്കോലങ്ങളുടേയും തിരുമുഖത്തൊപ്പിക്കുന്നതി ൽ അസാമാന്യ പാടവം ഉള്ള ശ്രീ ഗംഗാധരൻ,തോറ്റം ചൊല്ലുന്നതിലും കേമനാണ്. ഒട്ടു മിക്ക തോറ്റങ്ങളും ഹൃദിസ്ഥം. പുതിയ ഭഗവതിയുടെ തിരുമുടിയായ "എഴ്പത്തിയ മുടി" തീർക്കുന്നതിൽ വിദഗ്ധൻ. ഇതിനൊക്കെ പുറമേ ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ കഴിവാണു തീക്കോലങ്ങളുടെ അരയൊട തുന്നൽ. കണക്കെടുത്തു നോക്കുകയാണെങ്കിൽ ഒരു പക്ഷേ ഇദ്ദേഹം ആയിരിക്കും കെട്ടിയാട്ടക്കാലങ്ങളിൽ ഏറ്റവും കൂടുതൽ അരയൊട തുന്നിയിട്ടുണ്ടാവുക. വേഗതയും ഭാഷയും ആണ് അരയൊട തുന്നുന്ന മറ്റു പലരിൽ നിന്നും ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. രണ്ട് തട്ടുകളായി അരയൊട തുന്നുന്നതും ഇദ്ദേഹത്തിന്റെ മാത്രം രീതിയാണ്. മക്കളായ അഖിൽ, അക്ഷയ്‌ എന്നിവർ ഇദ്ദേഹത്തിന്റെ ശിക്ഷണത്തിൽ കെട്ടിയാട്ട രംഗത്തേക്കിറങ്ങിയിട്ടുണ്ട്. കളിയാട്ട കാലം ആയാൽ മിക്ക അണിയറകളിലും ഇദ്ദേഹത്തെ കാണാൻ പറ്റാവുന്നതാണ്, മിക്കവാറും ശ്രീ ദാസൻ മാങ്ങാടന്റെ അണിയറയിലെ സജീവ സാന്നിധ്യം. ഏറ്റവും കൂടുതൽ അരയൊട തീർത്തതും ഒരു പക്ഷേ ശ്രീ ദാസൻ മാങ്ങാടൻ കോലധാരിയായ തീക്കോലങ്ങൾക്കു വേണ്ടിയായിരിക്കും. പ്രശസ്ത തെയ്യം കനലാടി ശ്രീ പ്രേമരാജൻ കൊളത്തൂർ ഇദ്ദേഹത്തിന്റെ സഹോദരൻ ആണ്. ഇനിയും ഒട്ടനവധി ദൈവക്കോലങ്ങൾ ഇദ്ദേഹത്തിന്റെ കയ്യാൽ ചമഞ്ഞൊരുങ്ങി ദേവ സന്നിദ്ധിയിൽ തിരുനൃത്തം ചവിട്ടട്ടെ എന്ന പ്രാർത്ഥനയോടെ .. കടപ്പാട്: ©️ശ്രീക്രിയ
Chat Now
Call Now