ഗംഗാധരൻ നേണിക്കം ചിരുകണ്ടന്റെയും അമ്മിണിയുടെയും മകനായി 1958ൽ ജനനം. 1982 മുതൽ ഇങ്ങോട്ട്, നൂറിലേറെ തവണ വൈരജാതൻ ഈശ്വരൻ കോലം ധരിക്കാൻ ഭാഗ്യം ലഭിച്ച പുണ്യജന്മം. മടിക്കൈ മേക്കാട്ട് സ്കൂളിലും നീലേശ്വരം രാജാസ് സ്കൂളിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. അമ്മയുടെ പിതാവ് അമ്പു പെരുവണ്ണാന്റെ ജന്മാവകാശത്തിൽ 12–ാം വയസ്സിൽ ആടിവേടൻ കെട്ടി തെയ്യപ്രപഞ്ചത്തിലേക്കു പ്രവേശിച്ചു. കാർകോട്ട് അമ്പു നേണിക്കത്തിന്റെ മരുമകനാണ്. 1982 ൽ ചെറുവത്തൂർ നേണിക്കമായി ആചാരപ്പെട്ട് ഇരുവരും മൂവരും കുന്നിനകത്ത് ലോകറെ സംഘത്തിൽ കമ്പിക്കാത്ത് മാടത്തിൽ ആദ്യ വൈരജാതൻ ഈശ്വരൻ കെട്ടി. ഇവിടെ മാത്രം 11 തവണ വൈരജാതൻ ഈശ്വരന്റെ കോലധാരിയാകാൻ ഭാഗ്യം ലഭിച്ചു. ക്ഷേത്രത്തിന്റെ പരിധിയിലുള്ള മറ്റു കാവുകളിലായി നൂറിലേറെ വൈരജാതൻ തെയ്യങ്ങൾ കെട്ടിയാടി.ചാലക്കാട് മാടം, സി.വി. തറവാട് എന്നിവിടങ്ങളിലും ഈശ്വരന്റെ കോലം ധരിച്ചു. 1985 ൽ ചെറുവത്തൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിൽ മുച്ചിലോട്ട് ഭഗവതി കെട്ടി. കാടങ്കോട്ട് പുന്നക്കാൽ ഭഗവതി ക്ഷേത്രത്തിൽ 2002ൽ പ്രധാന ഭഗവതിയായ പുന്നക്കാൽ ഭഗവതിയുടെ കോലം ധരിക്കാനും ഭാഗ്യം ലഭിച്ചു. ഉച്ചൂളിക്കടവത്ത് ഭഗവതി, പുതിയ ഭഗവതി, കമ്മാടത്തമ്മ, പാടാർകുളങ്ങര ഭഗവതി, പുലിദൈവങ്ങൾ, പുലിയൂർ കാളി, വേട്ടക്കൊരുമകൻ തുടങ്ങി വണ്ണാൻ വിഭാഗത്തിന്റേതായുള്ള എല്ലാ തെയ്യങ്ങളും കെട്ടിയാടി. കിണാവൂർ കാരിമൂല പെരുങ്കളിയാട്ടത്തിൽ ചെറളത്ത് ഭഗവതിയായി ഭക്തർക്ക് അനുഗ്രഹമേകി. അള്ളടം ദേശത്തിൽ പൂമാരുതന്‍, വേട്ടക്കൊരുമകൻ, കാലിച്ചാന്‍ തെയ്യങ്ങളും കെട്ടിയാടി. മകൻ ഷൈബു, അള്ളടം മുക്കാതം വാഴും താടിവച്ച തമ്പുരാൻ ക്ഷേത്രപാലകന്റെ കോലം ധരിക്കുന്ന മഡിയൻ ചിങ്കമാണ്. ഗംഗാധരൻ നേണിക്കത്തെ ഈ വർഷം ഫോക്‌ലോർ അക്കാദമി അവാർഡ് (2023) നൽകി ആദരിച്ചു.കനലെരിയുന്ന ജീവിതക്കാഴ്ചകൾ. "നന്നായിരിക്കട്ട് ഗുണം വരണം , ഗുണംവരണേ"..... എന്ന സാന്ത്വനമൊഴിയോടെ മുന്നിൽ ഭയ ഭക്തി വിശ്വാസത്തോടെ നിൽക്കുന്ന ഭക്തരുടെ കൈക്കുടന്നയിലേക്ക് മഞ്ഞൾ പ്രസാദം വാരിയെറിഞ്ഞ് അനുഗ്രഹാശിസ്സുകൾ പൊഴിക്കുന്ന ഒട്ടേറെ തെയ്യക്കോലങ്ങളെ ക്ഷേത്രങ്ങളിലും തറവാടുകളിലും കെട്ടിയാടി ഭക്തമാനസങ്ങളിൽ ആശ്വാസത്തിന്റെ കുളിർമ്മ പകർന്നു നൽകിയ ഒരു ഉത്തമനായ തെയ്യക്കാരനാണ് ശ്രീ.കെ.വി.ഗംഗാധരൻ നേണിക്കം (ചെറുവത്തൂർ നേണിക്കം). ജില്ലയിലെ മടിക്കൈയിലെ അടുക്കത്ത് പറമ്പ് എന്ന കർഷക ഗ്രാമത്തിൽ ചിരുകണ്ഠൻ, അമ്മിണി ദമ്പതികളുടെ പുത്രനായി 10-12-1958 ൽ ഭൂജാതനായി. അമ്മയുടെ അച്‌ഛനായ അമ്പു പെരുവണ്ണാൻ എന്ന വല്യച്ഛന്റെ ശിക്ഷണത്തിലാണ് വളർന്നു വന്നത്.. അക്കാലത്ത് മിക്ക വീടുകളിലും ദാരിദ്ര്യം നടമാടിയിരുന്നു. വേനൽക്കാലത്ത് തെയ്യം കെട്ടി കിട്ടുന്ന വരുമാനം കൊണ്ടൊന്നും പട്ടിണിയില്ലാതെ മഴക്കാലത്തെ മറികടക്കാൻ ഒരു തെയ്യക്കാരനും സാധിച്ചിരുന്നില്ല. പകൽ വെയിലും മഴയും കൊണ്ട് അലക്കുജോലി ചെയ്യുന്ന സ്ത്രീകൾ വീട്ടിലുണ്ടായിട്ടും എല്ലാവർക്കും വയറുനിറച്ച് ഭക്ഷണം കഴിക്കാൻ വേണ്ടത്ര ധനം സമാഹരിക്കാനാകാറില്ല എന്നതും ഒരു യാഥാർത്ഥ്യമാണ്.കാമ്പും കൂമ്പും താളും തകരയും കറി വെക്കാനുണ്ടെങ്കിലും ഭക്ഷ്യധാന്യം ലഭിക്കാൻ ഏറെ പ്രയാസമായിരുന്നു. പലപ്പോഴും നെന്മണിയായിരിക്കും കൂലിയായി ലഭിക്കുക. അതു സ്വന്തം ഉരലിൽ കുത്തി അരിയാക്കിയായിരുന്നു കഞ്ഞിയാക്കി വിളമ്പിത്തരുന്നത്. ഗംഗാധരൻ ഏഴാം ക്ലാസ്സു വരെ മടിക്കൈ യു.പി.സ്കൂളിലും എട്ടാം ക്ലാസ്സിൽ നിലേശ്വരം രാജാസ് ഹൈസ്കൂളിലുമായിരുന്നു പഠിച്ചിരുന്നത്. ജീവിത പ്രാരബ്ധം മൂലം പഠനം എട്ടാം ക്ലാസ്സിൽ അവസാനിപ്പിക്കേണ്ടി വന്നു.. ഗംഗാധരൻ 12 വയസ്സു മുതൽ കുട്ടിത്തെയ്യം കെട്ടാൻ തുടങ്ങിയിരുന്നു. ആദ്യമായി കെട്ടിയാടിയത് നീലേശ്വരം പട്ടേന പ്രദേശത്തെ വീടുകളിലായിരുന്നു. കുട്ടിക്കാലത്തു തന്നെ അമ്മാവനായ ചെറുവത്തൂരിലെ കാറക്കോട്ട് വീട്ടിൽ അമ്പു നേണിക്കം എന്നവരുടെ കൂടെ ഉത്സവപ്പറമ്പുകളിലെ അണിയറകളിൽ ചെന്ന് തെയ്യത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചിരുന്നു. കൂടാതെ വല്യച്ഛന്റെ കൂടെ പൊടിക്കളങ്ങളിലും വീടുകളിലും മുത്തപ്പനീശ്വരന്റെ വെള്ളാട്ടത്തിനും പോകാറുണ്ടായിരുന്നു. "ആയിരം അണിയറയിൽ കൂടിയാലേ അരവണ്ണാൻ ആ കൂ" ... എന്ന് പഴമക്കാർ പറഞ്ഞു കേട്ടിരുന്നു. വർഷങ്ങൾ പിന്നിട്ടപ്പോൾ ഗംഗാധരൻ തുള്ളി മദിച്ചു കളിക്കേണ്ട ആൺ കോലങ്ങളായ പുലിക്കണ്ഠൻ, പുലിമാരൻ, കാളപ്പുലിയൻ, പൂമാരുതൻ തുടങ്ങിയ തെയ്യങ്ങളൊക്കെ കെട്ടാൻ തുടങ്ങി. ഒരു തെയ്യക്കാരൻ സ്വായത്തമാക്കേണ്ടതായ തെയ്യത്തെ കെട്ടി ഒരുക്കി വിടൽ, മുഖത്തെഴുത്ത്, തിരിയോലപ്പണി, ചെണ്ടവാദ്യം, തോറ്റം ചൊല്ലൽ, ഉരിയാടൽ, കലാശം ചവുട്ടൽ, അണിയലനിർമ്മാണം എന്നിവയിലൊക്കെ പ്രാവീണ്യം നേടിത്തുടങ്ങി. അങ്ങനെയിരിക്കെ ചെറുവത്തൂർ ശ്രീ വീര ഭദ്ര ക്ഷേത്രത്തിന്റെ പരിധിയിലെ ശ്രീ കമ്പിക്കാനത്ത് മാടം കളിയാട്ടത്തിന് വൈരജാതേശ്വരനെ കെട്ടുന്നതിനായി നിലവിലുള്ള ചെറുവത്തൂർ നേണിക്കമായ ഗംഗാധരന്റെ അമ്മാവനും ചെറുവത്തൂർ ഇരുവര് മൂവര് കുന്നിനകത്ത് ലോകർ സംഘം ഭാരവാഹികളും ചേർന്ന് അനന്തരാവകാശിയായ ഗംഗാധരനെ ആചാരപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ നീലേശ്വരം കോവിലകത്തെ ശ്രീ രാജരാജവർമ്മ തമ്പുരാന്റെ മുന്നിലേക്ക് ആനയിക്കുകയും തമ്പുരാൻ മൂന്നുതവണ ആചാരപ്പേര് ചൊല്ലി വിളിച്ച് കെ.വി.ഗംഗാധരനെ ചെറുവത്തൂർ നേണിക്കമായി ആചാരപ്പെടുത്തുകയും ചെയ്തു. 1982 വർഷത്തിൽ 24ാം വയസുള്ളപ്പോഴായിരുന്നു ആചാരംകിട്ടിയത്. മരുമക്കത്തായ സമ്പ്രദായമനുസരിച്ചാണ് വണ്ണാൻ സമുദായക്കാർക്കിടയിൽ അടുത്ത ചെറുജന്മാവകാശിയെ ആചാരപ്പെടുത്തുന്നത്. 1982 മെയ് മാസത്തിൽ നടന്ന ചെറുവത്തൂർ ശ്രീ കമ്പിക്കാനത്ത് മാടം കളിയാട്ടത്തിൽ ആദ്യമായി ശ്രീ വൈരജാതേശ്വരന്റെ കോലം ഭംഗിയായി നിറവേററുന്നതിന് ഗംഗാധരൻ നേണിക്കത്തിന് ഈശ്വരാധീനത്താൽ സാദ്ധ്യമായി. പിന്നീടങ്ങോട്ടുള്ള കാലം ചെറുവത്തൂർ നേണിക്കത്തിന്റെ ചെറു ജന്മാവകാശ പരിധിയിൽ ഉച്ചൂളിക്കടവത്ത് ഭഗവതി, പാടാർ കുളങ്ങര ഭഗവതി, ചെക്കിപ്പാറ ഭഗവതി, ദണ്ഡ്യ ങ്ങാനത്തു ഭഗവതി, വല്ലാർകുളങ്ങര ഭഗവതി, പുതിയ ഭഗവതി, എരോത്ത് ചാമുണ്ഡി, മേച്ചേരി ചാമുണ്ഡി, കാലിച്ചാൻ തെയ്യം എന്നീ കോലങ്ങൾ കെട്ടി യാടുന്നതിനുള്ള ഭാഗ്യമുണ്ടായി. അക്കാലത്ത് മിക്ക വീടുകളിലും ആൺ പെൺ വ്യത്യാസമില്ലാതെ ബീഡി തെറുപ്പു ജോലിയിലേർപ്പെട്ടായിരുന്നു നിത്യവൃത്തിക്കു വക കണ്ടെത്തിയിരുന്നത്. ആചാരപ്പെടുന്നതിനു മുമ്പു തന്നെ ആ തൊഴിലും വശമാക്കിയിരുന്നതിനാൽ 1984 ൽ കേരളാ ദിനേശ് ബീഡിയിൽ തൊഴിലാളിയായി ഗംഗാധരൻ നേണിക്കത്തിനെയും നിയമിച്ചിരുന്നു. 1984 ൽ 26 വയസ്സ് മുതൽ കേരളാ ദിനേശ് ബീഡിത്തൊഴിലാളിയായും ജോലി ചെയ്തിട്ടുണ്ട്. 22 വർഷക്കാലം കേരളാ ദിനേശ് ബീഡിയിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. 1985 ൽ നടന്ന ചെറുവത്തൂർ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിൽ മുച്ചിലോട്ടുഭഗവതിയെ കെട്ടിയാടുന്നതിനും, അതിനു ശേഷം നടന്ന പെരുങ്കളിയാട്ടത്തിൽ കണ്ണങ്ങാട്ടു ഭഗവതിയെ കെട്ടിയാടുന്നതിനും യോഗമുണ്ടായി. കൂടാതെ ചെറുവത്തൂർ ശ്രീ ക്ലായിക്കോട് മുച്ചിലോട്ടുഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിൽ കണ്ണങ്ങാട്ടു ഭഗവതിയുടെ കോലമണിയുന്നതിനും സാധിച്ചിട്ടുണ്ട്. 2002 ൽ 47 വർഷത്തെ ഇടവേളയ്ക്കു ശേഷം നടന്ന നെല്ലിക്കാൽ ശ്രീ പുന്നക്കാൽ ഭഗവതി ക്ഷേത്രത്തിൽ പുന്നക്കാൽ ഭഗവതിയുടെ കോലം ധരിക്കുന്നതിനും അവസരമുണ്ടായിട്ടുണ്ട്. 28 വർഷത്തിനു ശേഷം നടന്ന തൃക്കരിപ്പൂർ ശ്രീ കണ്ണമംഗലം ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിൽ ശ്രീ വൈരജാതേശ്വരന്റെ കോലമണിയാനുള്ള ഭാഗ്യം സിദ്ധിച്ചിരുന്നു. മുഴക്കോം ശ്രീ ചാലക്കാട്ട് മാടം ചെക്കിപ്പാറ ഭഗവതി ക്ഷേത്രത്തിൽ 1982 മുതൽ ശ്രീ വൈരജാതേശ്വരനെ കെട്ടിയാടുന്നത് ഗംഗാധരൻ നേണിക്കം തന്നെയാണ്. ചെറുവത്തൂർ മുഴക്കോം സി.വി. തറവാട്ടിൽ വൈരജാതേശ്വരന്റെ കോലവും ചെക്കിപ്പാറ ഭഗവതി, എരോത്തു ചാമുണ്ഡി എന്നീ കോലങ്ങളും കെട്ടിയാടിയിട്ടുണ്ട്. ചെറുവത്തൂർ മുഴക്കോം ശ്രീ ചെരളം വീട് തറവാട്ടിൽ ശ്രീ വൈരജാതേശ്വരന്റെ കോലവും , ചെക്കിപ്പാറ ഭഗവതി, എരോത്ത് ചാമുണ്ഡി, മേച്ചേരി ചാമുണ്ഡി എന്നീ കോലങ്ങളും കെട്ടിയാടിയിട്ടുണ്ട്. ഇങ്ങനെ അള്ളട സ്വരൂപത്തിലെ പല ക്ഷേത്രങ്ങളിലും വേട്ടയ്ക്കൊരുമകനീശ്വരൻ, മറ്റുള്ള ഭഗവതി ക്കോലങ്ങളും കെട്ടിയാടുന്നതിനവസരം ലഭിച്ചിട്ടുണ്ട്. തെയ്യങ്ങളെ പൊതുവേദിയിൽ അവതരിപ്പിച്ച് ആചാരാനുഷ്ഠാനങ്ങളെ പാടേ അവഗണിച്ചു കൊണ്ടുള്ള രീതിയിൽ ധനസമാഹരണം മാത്രം ലക്ഷ്യം വെച്ചു കൊണ്ടുള്ള ചുരുക്കം ചിലരുടെ പ്രവൃർത്തിയിൽ ഏറെ ദു:ഖിതനാണിദ്ദേഹം. 2023 ലെ തെയ്യം കലാകാരൻമാർക്കുള്ള കേരളാ ഫോക് ലോർ അക്കാദമി അവാർഡ് നേടിയിട്ടുണ്ടിദ്ദേഹം. ഇനിയും ഒട്ടേറെ ക്ഷേത്രങ്ങളിലും തറവാടുകളിലും തെയ്യം കെട്ടിയാടി ഭക്തജനങ്ങളുടെ ആദരവ് പിടിച്ചു പറ്റാനിടയാവട്ടേ എന്നു പ്രാർത്ഥിക്കുന്നു.🙏🙏 പരേതനായ തെക്കും മുറി കണ്ണൻ എന്നവരുടെ മകൾ സരോജിനിയാണ് ഭാര്യ. മക്കൾ മൂന്നുപേർ. അള്ളട സ്വരൂപത്തിലെ പുകൾപെറ്റ ആചാരമായ മഡിയൽ ചിങ്കം എന്ന ആചാരമുള്ള മഡിയൻ ഷൈബു ചിങ്കമാണ് ഏക മകൻ. പെൺമക്കൾ - ഷൈനി, സരിത എന്നിവരാണ്. Kadappad മോഹനൻ.പി.വി.