ചെറുകുന്ന് ചിടങ്ങിലെ പഴയ തെയ്യം കലാകാരൻ ഗോപാല (ചാമുണ്ഡി )ന്റെയും ജാനകിയുടെയും മകനായ ഹരിദാസൻ 15 ാം വയസ്സിൽ പെരുവളത്ത് പറമ്പ് ശ്രീ പൊട്ടൻ ദൈവ ക്ഷേത്രത്തിൽ തെക്കൻ ഗുളികന്റെ തിരുമുടിയണിഞ്ഞു തുടക്കം കുറിച്ചു.. കണ്ണൂർ – കാസർഗോഡ് കാവുകളിലെ നിറസാന്നിദ്ധ്യം.ഗുളികൻ, പൊട്ടൻ ദൈവം,ധർമ്മ ദൈവം, നാഗകന്യക, കുടക്കത്തായി ഭഗവതി, വിഷ്ണു മൂർത്തി തുടങ്ങി നിരവധി കോലങ്ങൾ കെട്ടിയാടിയ ഇദ്ധേഹത്തിന്റെ വിഷ്ണു മൂർത്തി കോലം ഏറെ ശ്രദ്ധ നേടിയതാണ്. നാറാത്തു ശ്രീ ചേരിക്കൽ ഭഗവതി ക്ഷേത്രം, അത്താഴക്കുന്ന് ശ്രീ താഴക്കാവ്, പള്ളിപ്രം പുതിയ ഭഗവതി ക്ഷേത്രം, ഒടിപ്പുറം ശ്രീ പുതിയേടത്ത് ഭഗവതി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിൽ 24 വർഷം തുടർച്ചയായി വിഷ്ണു മൂർത്തി കോലം കെട്ടിയാടി. 100 വർഷങ്ങൾക്ക് ശേഷം കളിയാട്ടം നടന്ന കാവുമ്പായി ശ്രീ കുടക്കത്തായി ഭഗവതി ദേവസ്ഥാനത്തു തെക്കൻ ഗുളികൻ ദൈവത്തിന്റെ കോലം കെട്ടിയാടാനുള്ള ദൈവിക നിയോഗം ലഭിച്ചു. അണിയല നിർമ്മാണത്തിലും ചെണ്ടവാദ്യത്തിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് ഇദ്ധേഹം. തലശ്ശേരി അണ്ടലൂർ കാവിൽ ഉത്സവത്തിനു പുലയ സമുദായം നടത്തുന്ന കാഴ്ചവരവിൽ 22 വർഷം തുടർച്ചയായി ഇദ്ധേഹത്തിന്റെ നേതൃത്വത്തിലാണ് വാദ്യം കൊട്ടുന്നത്. ലോക പ്രശസ്ത എഴുത്തുകാരൻ വില്യം ഡാർളിമ്പിളിന്റെ 9 ജീവിതങ്ങൾ ( Nine lives ) എന്ന പുസ്തകത്തിലെ ഒരു ജീവിതകഥ തെയ്യത്തിനു മാത്രമായ് ജീവിതം ഉഴിഞ്ഞു വെച്ച ഇദ്ധേഹത്തിനെ കുറിച്ചായിരുന്നു… credit : Mahesh Kavumbayi & Varavili Facebook page