കണ്ണൂർ അരോളി സ്വദേശിയായ ഇദ്ദേഹം, അരോളി നമ്പി പണിക്കരുടെയും കുറ്റ്യേരി അമ്മാളുവിൻറ്റെയും മകനാണ്. ഇപ്പോൾ 48 വയസ്സിൽ തെയ്യം കെട്ടുന്ന ഇദ്ദേഹം 5ആം വയസ്സിൽ വേടൻ കെട്ടി തെയ്യജീവിതം തുടങ്ങി. പിന്നീട് പിതാവിൻറ്റെ ശിഷ്യണത്തിൽ തെയ്യപഠനം തുടങ്ങി. തന്റ്റെ 20 ആം വയസ്സിൽ അരോളി കൊഴക്കാട്ട് തറവാട്ടിൽ പറവ ചാമുണ്ടി കെട്ടി ഔദ്യോഗികമായി തെയ്യ ജീവിതം ആരംഭിച്ചു. പിന്നീട് 23 വയസ്സിൽ ഇന്തോട് വയലിൽ ഒറ്റക്കോലം കെട്ടി, കരുമാരഇല്ലത്ത് നിന്ന് ആചാരം വാങ്ങി, അതിനുശേഷം 46 വയസ്സിൽ ഒറ്റക്കോലം കെട്ടി അരോളി ചിറ്റോത്തിടത് വെച്ച് വീണ്ടും ആചാരം വാങ്ങി. അന്ന് തന്നെ അനുജൻ ശിവദാസൻ പണിക്കർ അഗ്നികണ്ടാകർണ്ണൻ കെട്ടി ചിറ്റോത്തിടത് വെച്ച് ആചാരം വാങ്ങി. തന്റ്റെ സമുദായത്തിലെ പ്രധാനപെട്ട തെയ്യകോലങ്ങൾ ഒക്കെയും അദ്ദേഹം കെട്ടിയാടി. ഒറ്റക്കോലം, വിഷ്ണുമൂർത്തി, അഗ്നികണ്ടാകർണ്ണൻ, ഗുളികൻ, പൊട്ടൻ ദൈവം, രക്തചാമുണ്ടി, മൂവാളംകുഴി ചാമുണ്ടി, കരിംകുട്ടി ശാസ്തപ്പൻ, പൂകുട്ടി ശാസ്തപ്പൻ, ഭൈരവൻ, ചിറക്കൽ തമ്പുരാൻറ്റെ മുന്നിൽ പൊന്ന്യതറയിൽ പടവീരൻ എന്നിങ്ങനെയുള്ള വിവിധ തെയ്യക്കൊലങ്ങൾ ഇദ്ദേഹം കെട്ടിയാടി. തെക്കൻ ഗുളികൻ തെയ്യം ഇദ്ദേഹത്തെ പോലെ കെട്ടിപോറ്റാൻ പറ്റുന്ന വേറെ അധികം ആളുകൾ ഇല്ല എന്ന് തന്നെ പറയേണ്ടി വരും. അത്രയ്ക്കും മനോഹരമായ ചുവടുകളും കർമ്മങ്ങളും കൊണ്ട് സമ്പന്നമാണ് ഇദ്ദേഹതിന്റ്റെ കോലങ്ങൾ. Courtesy : Vadakkante Theyyangal