Keezhara Rama Peruvannan

Keezhara Rama Peruvannan

  • കീഴറ രാമപ്പെരുവണ്ണാൻ അച്ഛൻ കൊട്ടൻ, അമ്മ പൈതൽ. കീഴറ LP സ്കൂൾ പഠനം. 5ാം ക്ലാസിൽ വച്ച് പഠനം നിർത്തേണ്ടിവന്നു. 5 വയസിൽ ആദ്യമായ് ആടിവേടൻ കെട്ടി തുടങ്ങി. പിന്നീട് 12ാം വയസിൽ കീഴറ കൂലോത്ത് ധർമ്മ ദൈവം കെട്ടി ആദ്യമായി തിരുമുറ്റത്ത് തലപ്പാളി അണിഞ്ഞു. കീഴറ കാവിൽ പുതിയ ഭഗവതി കെട്ടി ചെറുകുന്ന് അമ്പലത്തിൽ വച്ച് ചിറക്കൽ തമ്പുരാൻ പട്ടും വളയും നൽകി 18 വയസിൽ ആചാരപ്പെട്ടു. സമുദായത്തിന് കൽപ്പിച്ചു നൽകിയ ജന്മാവകാശത്തിലുള്ള ഒട്ടുമിക്ക തെയ്യങ്ങളും കെട്ടിയാടാനുള്ള ഭാഗ്യം രാമപ്പെരുവണ്ണാന് ലഭിച്ചു. പെരുമ്പുഴയച്ഛൻ , മാമ്പള്ളി ഭഗവതി, മരക്കലത്തിലമ്മ വയനാട്ടുകുലവൻ, മഞ്ഞാളമ്മ, ദൈവ ചേകോൻ , പുതിയ ഭഗവതി, വേട്ടക്കരുമകൻ, പുലിയൂർ കണ്ണൻ, തുടങ്ങിയവ അതിൽ ചിലതാണ് . അദ്ദേഹത്തിൻ്റെ കപ്പോത്ത്കാവിലെയും മുട്ടിൽ കാവിലെയും മരക്കലത്തമ്മയുടെ ഇളംങ്കോലം വളരെ പ്രശസ്തമാണ്. ആകാലത്ത് രാമപ്പെരുവണ്ണാൻ്റെ ഇളങ്കോലം കാണാൻ വേണ്ടി മാത്രം ആളുകൾ തടിച്ചു കൂടാറുണ്ട്. ജന്മത്തിന് പുറത്ത് പോയി സ്വന്തം ഇഷ്ടപ്രകാരം തെയ്യം കെട്ടാൻ പറ്റാത്ത കാലമായിരുന്നു. അതുകൊണ്ട് തന്നെ ജന്മാവകാശത്തിലുള്ള ദൈവകോലങ്ങളെ മാത്രമെ കെട്ടിയാടാൻ കഴിഞ്ഞിരുന്നുള്ളൂ. രാമപ്പെരുവണ്ണാൻ്റെ ജന്മാവകാശമായ കീഴറ പിന്നെ അടുത്ത പ്രദേശങ്ങളായ ചേര, വെള്ളിക്കീൽ, പാന്തോട്ടം, ചെറുകുന്ന് തുടങ്ങിയ സ്ഥലങ്ങളിൽ വയനാട്ടുകുലവനും, കണ്ടനാർ കേളനുമായി നിരവധി ദേവസ്ഥാനങ്ങൾ ഉണ്ട്. അക്കാലത്ത് കണ്ടനാർ കേളൻ്റെ കോലം കെട്ടി ആടുന്നത് രാമപ്പെരുവണ്ണാനാണ് . 500 ൽ അധികം കേളൻ കെട്ടിയാടിയ കനലാടിയാണ് രാമൻപ്പെരുവണ്ണാൻ.ഇദ്ദേഹത്തിന്റെ കണ്ടനാർ കേളൻ തെയ്യം വളരെ പ്രസിദ്ധി ആർജിച്ചതാണ് മുത്തപ്പനെ ഉപാസിക്കുന്ന കുഞ്ഞിരാമപ്പെരുവണ്ണാന് മുത്തപ്പൻ വെള്ളാട്ടം എത്ര കെട്ടി എന്നത് ഓർത്ത് പറയാൻ കഴിയില്ല. അത്രയേറെ മുത്തപ്പൻ്റെ കൊടുമുടിശിരസിലണിഞ്ഞ കനലാടിയാണ് . തോറ്റംപാട്ടിലും, അണിയലനിർമ്മാണത്തിലും, മുഖത്തെഴുത്തിലും അഗ്രഗണ്യനാണ് കീഴറ കുഞ്ഞിരാമപ്പെരുവണ്ണാൻ. കുറച്ചു വർഷങ്ങളായി പ്രായധിക്യത്താൽ തെയ്യത്തിൽ നിന്നും വിട്ടു നിൽക്കുകയാണ്. 85ാം വയസ്സിലും തെയ്യസ്ഥാനങ്ങളിലുള്ള അദ്ദേഹത്തിൻ്റെ സാന്നിദ്ധ്യം പുതിയ തലമുറയിലെ കനലാടിമാർക്ക് ഊർജ്ജം നൽകുന്നതാണ്. ഭാര്യ യശോദ രണ്ട് മക്കൾ രമേശൻ, രമ . തെയ്യം എന്ന അനുഷ്ടാന കലയിലെ എല്ലാ മേഖലയിലും കഴിവുതെളിയിച്ച കനലാടിയായ രാമപ്പെരുവണ്ണാൻ രൂപത്തിൽ ചെറുതായ ആ വലിയ മനുഷ്യൻ തലപ്പാളിയണിഞ്ഞ് തിരമുറ്റത്ത് കോലസ്വരൂപത്തിലെ തായയായും, ഇളങ്കോലമായി സന്ധ്യാനേരത്ത് ക്ഷേത്രമുറ്റത്ത് നടനവിസ്മയം തീർത്തും. പൂക്കുട്ടി മുടിയും, ഇരു മാറിലും വരച്ചു ചേർത്ത കാളിയെന്നും കരാളിയെന്നും പേരായ രണ്ടു നാഗങ്ങളുമായി ഓലച്ചൂട്ടിൻ്റെ തീകൂമ്പാരത്തിലൂടെ നടന്നും ഓടിയും, തീകൂമ്പാരത്തെ ഭയക്കാതെ അലറി വിളിച്ച് ഉറഞ്ഞാടി എത്രയോ കാവുകളിൽ ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞു. അദ്ദേഹത്തിൻ്റെ കഴിവിൻ്റെ അംഗീകാരമായി ഫോക് ലോർ ഫെലോഷിപ്പ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. കടപ്പാട്: ©️Ranjith Chenichery
Chat Now
Call Now