Krishnan Panikkar

Krishnan Panikkar

  • ചെറുവത്തൂരിലെ കോലമൊഴിയാത്ത ഊരുമൂപ്പൻ, ചെറുവത്തൂരിലെ ഓരോ കാവുകളിലും ഇന്നും നിറസാന്നിധ്യമാണ് ചെറുവത്തൂരിൻറ്റെ മൂപ്പൻ കൃഷ്ണൻ പണിക്കർ. വാർധക്യം വാരി പുണർന്നിട്ടും കോല മൊഴിയാത്ത കൃഷ്ണൻ പണിക്കർ. കോലമഴിച്ചിട്ടും കോലമൊഴിയാത്ത കോലധാരികൾ, നാട്ടുപരദേവതകളെ സ്വന്തം ശരീരത്തിലേറ്റു വാങ്ങിയ കോലധാരി. പതിമൂന്നാം വയസിൽ കുട്ടമത്ത് വെണ്ണോളി തറവാട്ടിൽ ആദ്യമായി വിഷ്ണു മൂർത്തി കോലമണിഞ്ഞ കൃഷ്ണൻ പണിക്കർ എഴുപത്തിരണ്ടാം വയസിൽ മൂവാളംകുഴി ചാമുണ്ഡിയുടെ കോലം അണിഞ്ഞു ഇന്നും തെയ്യപ്രപഞ്ചത്തിൽ നിറസാനിധ്യമായി നിലകൊള്ളുന്നു. ‘ചെറുവത്തൂർ മുധൂറൻ’ ആചാരക്കാരനായിരുന്ന അച്ഛൻ അമ്പുപണിക്കരുടെ ശിഷ്യത്വത്തിൽ കോലം ധരിച്ച കൃഷ്ണൻ പണിക്കരെ ഇരുപത്തി ഒന്നാം വയസിലായിരുന്നു പൊന്മാലം വിഷ്ണു മൂർത്തി ക്ഷേത്രം പട്ടും വളയും നൽകി ആദരിച്ചത്. വിഷ്ണു മൂർത്തിയുടെ പ്രധാന കോലധാരികളായ പാലായി പരപ്പേൻ തറവാട്ടിൽ തിരുവർകാട് ഭഗവതിയുടെ കോലമണിയാനുള്ള ഭാഗ്യവും കൃഷ്ണൻ പണിക്കർക്ക് സ്വന്തമായി. മടയിൽ ചാമുണ്ഡി, മൂവാളംകുഴിച്ചാമുണ്ഡി, കാളകാട് കരിങ്കുട്ടിശാസ്തൻ, കാലഭൈരവൻ, തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ പ്രധാന തെയ്യക്കോലങ്ങൾ. തെയ്യംരംഗത്ത്പ്രവേശിച്ച ഉടൻ തന്നെ സെയിൽസ് ടാക്സിൽ ഉദ്യോഗം ലഭിച്ചെങ്കിലും കൃഷ്ണൻ പണിക്കർ തൻ്റെ ജന്മനിയോഗമായ തെയ്യക്കോലം വെടിഞ്ഞില്ല. ഉദ്യോഗവും കുലത്തൊഴിലും ഒരേ പോലെ തുടർന്ന ഇദ്ദേഹം ഇന്നേക്ക് ആയിരത്തിലധികം കോലങ്ങളണിഞ്ഞു. ഇപ്പോൾ ചെറുവത്തൂർ മുധൂറൻ തറവാട്ടിൽ മൂപ്പനായ ഇദ്ദേഹം ‘മുധൂറൻ’ ആചാരം സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്. എഴുപത്തിരണ്ട് വയസായിട്ടും ശരീരം കൊണ്ടും മനസ് കൊണ്ടും കോലമൊഴിയാതെ കൃഷ്ണൻ പണിക്കർ ഇന്നും അണിയറയിൽ സജീവമാണ്. കഴിഞ്ഞ വർഷവും യൗവനതുല്യ ശോഭയോടെ കാരഗുളികൻ കോലം കൃഷ്ണൻ പണിക്കർ ധരിച്ചിരുന്നു. Courtesy : Vadakkante Theyyangal
Chat Now
Call Now