Kundora Satheeshan Peruvannan
-
കുണ്ടോറ സതീശൻ പെരുവണ്ണാൻ അഭിമാന്യ പ്രഭുവിന്റെ കോലംധരിക്കാൻ ആചാരപ്പെരുമ കൈയ്യേറ്റ കുണ്ടോറ സതീശൻ പെരുവണ്ണാന് വീണ്ടും അഭിമാന്യപ്രഭുവിന്റെ അനുഗ്രഹാശ്ശിസുകൾ.നീണ്ട അറുപത്തിരണ്ടാണ്ടിന്റെ ഗാഢനിദ്രയ്ക്ക് ശേഷം മറ്റൊരു കളിയാട്ട ദിനരാത്രങ്ങളിലേക്ക് മിഴി തുറക്കുന്ന മഠത്തുംപടി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഒന്നാം കളിയാട്ടത്തിനും മൂന്നാം കളിയാട്ടത്തിനും വേട്ടയ്ക്കൊരു മകനീശ്വരന്റെ കോലം ധരിക്കാനുള്ള അപൂർവ്വഭാഗ്യം തേടിയെത്തിയത് 59 കാരനായ സതീശൻ പെരുവണ്ണാനെയാണ്.വരച്ചുവെക്കലിൽ ഉത്തമ രാശിയായ വ്യാഴത്തിന്റെ തെളിമയിലാണ് കോലധാരിയായി ഇദ്ദേഹത്തിന് നിയോഗം കൈവന്നത്. 1967 ൽ കൊട്ടൻ കർണമൂർത്തിയുടെയും കുണ്ടോറ നാണിയുടെയും മകനായി ജനിച്ച ഇദ്ദേഹം ആറാം ക്ലാസിൽ പഠിക്കുമ്പോൾ മുത്തപ്പൻ തെയ്യം കഴിച്ചാണ് തെയ്യാട്ടക്കളത്തിലേക്ക് പ്രവേശിക്കുന്നത്.അച്ഛൻ കൊട്ടൻ കർണ്ണമൂർത്തിയുടെ ശിഷ്യണത്തിൽ വളരെ ചെറു പ്രായത്തിൽ തന്നെ തെയ്യത്തിന്റെ വർണ്ണലോകം പരിചിതമായ സതീശന് തന്റെ ആദ്യ തെയ്യക്കോലം തന്നെ പൂർണ്ണവിധി പ്രകാരം പൂർത്തിയാക്കുവാനും ഏവരുടെയും ശ്രദ്ധ നേടുവാനും സാധിച്ചു. ശേഷം പതിനെട്ടാം വയസ്സിൽ എട്ടിക്കുളം ഭഗവതി ക്ഷേത്രത്തിൽ വെച്ച് തിരുവർക്കാട്ടു ഭഗവതി സങ്കൽപ്പത്തിലുള്ള എട്ടിക്കുളം ഭഗവതിയുടെ ഭീമാകാരമായ തിരുമുടിയണിഞ്ഞു.ഇതോടെയാണ് പയ്യന്നൂർ, എട്ടിക്കുളം, രാമന്തളി ദേശം ഉൾപ്പെടുന്ന തന്റെ ബൃഹത്തായ ജന്മത്തിൽ അദ്ദേഹം സജീവമാകുന്നത്. 1997ൽ ജന്മത്തിലെ പ്രധാന തെയ്യ സ്ഥാനമായ രാമന്തളി ലോകര കളരി കൊട്ടാരം വക താവുരിയാടു ക്ഷേത്രത്തിൽ വെച്ച് അഭിമാന്യ പ്രഭുവിന്റെ കോലം ധരിക്കാൻ കച്ചും ചുരികയും കൈയ്യേറ്റ് പെരുവണ്ണാൻ ആചാരം സ്വീകരിച്ചു.2008 ൽ മണ്ടൂർ പടിഞ്ഞാറ്റ ശ്രീ തിരുവർക്കാട്ടു ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിൽ പ്രധാന തെയ്യമായ തിരുവർക്കാട്ടു ഭഗവതിയുടെയും 2019 പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ 2 മുച്ചിലോട്ട് ഭഗവതിമാരിൽ ഒരു മുച്ചിലോട്ട് ഭഗവതിയുടെയും കോലം ധരിക്കാനുള്ള ഭാഗ്യം ഇദ്ദേഹത്തിന് സിദ്ധിച്ചു.ഇതിന് പുറമെ ബൃഹത്തായ തന്റെ ജന്മപരിധിക്കുള്ളിലും പുറത്തുമായി വേട്ടക്കൊരു മകൻ, ഊർപ്പഴശ്ശി, ബാലി, കതിവനൂർ വീരൻ, തൊണ്ടച്ഛൻ ദൈവം, കന്നിക്കൊരു മകൻ, മുത്തപ്പൻ, തിരുവപ്പന,പുതിയ ഭഗവതി, പ്രൊമാഞ്ചേരി ഭഗവതി, അങ്കകുളങ്ങര ഭഗവതി, പണയക്കാട്ടു ഭഗവതി, പടുവളത്തു ഭഗവതി, നരമ്പിൽ ഭഗവതി, അടുക്കുളങ്ങര ഭഗവതി, പുലിയൂർകാളി, വല്ലാർകുളങ്ങര ഭഗവതി, തായ്പ്പര ദേവത, കൂവളന്താട്ടു ഭഗവതി, നാഗേനിയമ്മ, അപൂർവ്വം തെയ്യമായ പഴശ്ശി ഭഗവതി, മലയ സമുദായം കെട്ടുന്ന വിഷ്ണുമൂർത്തി, മടയിൽ ചാമുണ്ഡി, രക്തചാമുണ്ഡി, ഗുളികൻ തുടങ്ങിയ തെയ്യക്കോലങ്ങൾ കെട്ടിയാടി.കൊറ്റി ആദി കണ്ണങ്ങാട്ട്,എടാട്ട് കണ്ണങ്ങാട്, കൊക്കാനിശ്ശേരി കണ്ണങ്ങാട്, രാമന്തളി കണ്ണങ്ങാട് എന്നിവിടങ്ങളിലെ പ്രധാന ദേവതയായ കണ്ണങ്ങാട്ട് ഭഗവതിയുടെ തിരുമുടി അണിയാനുള്ള ഭാഗ്യവും ഇദ്ദേഹത്തിനുണ്ടായി.ഇത്രയും കണ്ണങ്ങാടുകളിൽ തിരുമുടിയേറ്റിയ കോലധാരികളും വിരളമാണ്. കവ്വായി പുതിയ ഭഗവതി ക്ഷേത്രത്തിൽ കെട്ടിയാടിയ തീചാമുണ്ഡി ഇദ്ദേഹത്തിന്റെ തെയ്യംസപര്യയിൽ ഇന്നും ഓർമ്മിക്കപ്പെടുന്നതാണ്.അരങ്ങിനൊപ്പം തന്നെ അണിയറയിലും സജീവമായ സതീശൻ പെരുവണ്ണാൻ തോറ്റം പാട്ട് ഉൾപ്പടെയുള്ളവ ഗുരുവായ പിതാവ് കൊട്ടൻ കർണ്ണമൂർത്തിയിൽ നിന്നും അതിയടം കുഞ്ഞിരാമ പെരുവണ്ണാനിൽ നിന്നും ആ പാണ്ഡിത്യം ഒട്ടും ചോരാതെ ഹൃദിസ്ഥമാക്കിയിട്ടുണ്ട്. രാമന്തളി നേവൽ അക്കാദമിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന സതീശൻ പെരുവണ്ണാന്റെ ഭാര്യ എം വി ഉഷയാണ്. സജിഷ, സനിഷ, സനിഷ്മ എന്നിവർ മക്കളാണ്.തെയ്യത്തിന്റെ അനുഷ്ഠാനത്തനിമ ഒട്ടും ചോരാതെ ഇന്നും നിവർത്തിക്കുന്ന സതീശൻ പെരുവണ്ണാന് തെയ്യാട്ട യാത്രയിൽ മറ്റൊരു അനുഗ്രഹമാവുകയാണ് മഠത്തുംപടി സുബ്രമണ്യസ്വാമിക്ഷേത്ര കളിയാട്ട മഹോത്സവം. ©️ സോഷ്യൽ മീഡിയ ടീം കൊക്കാനിശ്ശേരി മഠത്തുംപടി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം കളിയാട്ടം 2026