അമ്പത്തിയഞ്ചു വർഷമായി കുറുവാട് രവീന്ദ്രൻ പെരുവണ്ണാൻ ഇളംതുരുത്തി തെയ്യമായി തുടങ്ങിയിട്ട്. ഭഗവതി തെയ്യങ്ങളുടെ ഉത്സവമാണ് ആ ശരീരം. മറ്റൊരാൾക്കും എത്തിപ്പിടിക്കാൻ കഴിയാത്ത അത്രയും ചാരുതയോടെ അദ്ദേഹം ഭഗവതിമാരായി മാറി. മാക്കത്തെയും പുതിയ ഭഗവതിയെയും കേളൻകുളങ്ങര ഭഗവതിയെയും കണ്ണങ്ങാട്ട് ഭഗവതിയെയുമെല്ലാം പകരം വെക്കാനില്ലാത്ത വിധം കാഴ്ചക്കാരിൽ ദൈവമായ് തറപ്പിച്ചു. തെയ്യത്തിന് നൽകിയ സ്വയം ബലിയാണ് ഇളം തുരുത്തിയുടെ ശരീരം. അതിനാൽ വളരെ നേരത്തെ തന്നെ കെട്ടിയാടുന്നത് നിർത്തേണ്ടി വന്നു. ഏഴെട്ടു വർഷങ്ങളായി തെയ്യമായല്ലെങ്കിലും ഇളംതുരുത്തി തെയ്യത്തിലുണ്ട്. സോഷ്യൽ മീഡിയ കാലത്തെ തെയ്യം എഴുത്തുകാർക്കും പുതിയ തലമുറയിലെ തെയ്യപ്രേമികൾക്കും അദ്ദേഹത്തെ അറിയണമെന്നില്ല. ഇതിഹാസ സമാനമായ കർമ്മം ജീവിതത്തെ നയിച്ചാലും ഒരു തെയ്യക്കാരനെയും ആരും അറിയില്ല. അത് തെയ്യക്കാരുടെ വിധിയാണ്. എപ്പോഴും ഉപയോഗിക്കപ്പെടാനും അതിനു ശേഷം വലിച്ചെറിയപ്പെടാനുമാണ് അവരുടെ ജീവിതം. അത് കാവിലെ തെയ്യമാകുന്ന മുതലുള്ള ഒരു ചങ്ങലയുടെ തുടർച്ചയാണ്. അനേകം ആളുകൾ എഴുത്തിനും ചിത്രങ്ങൾക്കും കൂടി അവരുടെ ബാക്കി ജീവിതം കൂടി ഉപയോഗപ്പെടുത്തും. അത്ര തന്നെ. ഒൻപതാം വയസ്സിൽ തെയ്യം ആവേശിച്ച ശേഷം വിശ്രമമില്ലാത്ത ഓട്ടമായിരുന്നു.. തെയ്യമായി മാറാത്ത കാവുകളില്ല.. ശരീരത്തിൽ ഏറ്റാത്ത തെയ്യങ്ങളില്ല.. പക്ഷെ ആരാണ് പിന്നീട് അങ്ങനെ ഒരു തെയ്യക്കാരനെ ശ്രദ്ധിക്കുക. ഭഗവതി തെയ്യങ്ങൾക്ക് ഇളംതുരുത്തിയന്റെ അത്രയും പ്രിയപ്പെട്ട മറ്റൊരു ഉടലില്ല എന്നത് ആ തെയ്യം ദർശിച്ചവർക്കറിയാം. തീ അപ്പാടെ വിഴുങ്ങുന്ന ജീവിതമുള്ള കണ്ടനാർ കേളനു വേണ്ടി ഒരു കാലത്ത് ഏറ്റവും കൂടുതൽ ബലിയായതും ഇളംതുരുത്തിയന്റെ ശരീരമാണ്. അടിമുടി തെയ്യമായി മാറിയ ജീവിതം. ചില തെയ്യമുടലുകൾ തെയ്യത്തിന് വേണ്ടി മാത്രമാണ്. അവർ തെയ്യങ്ങളുടെ പൂർവ്വ ജീവിതം തന്നെ ഓർമ്മിപ്പിക്കും. രവീന്ദ്രൻ ഇളംതുരുത്തി പെരുവണ്ണാനും അങ്ങനെ ഒരു തെയ്യമാണ്. അതിനു നിർവ്വചനങ്ങളില്ല. ഇപ്പോൾ ഫോക് ലോർ അക്കാദമി 2023 ഇലെ പുരസ്‌കാരം നൽകിയിരിക്കുകയാണ്. ഗുരു പൂജ പുരസ്‌കാരത്തിന് പരിഗണിക്കപ്പെടേണ്ടതാണ് യഥാർത്ഥത്തിൽ. പക്ഷെ അക്കാദമി പുരസ്‌കാരമാണ് ഇപ്പോൾ നൽകിയിട്ടുള്ളത്. അർഹതയുള്ളതും ചിലർക്ക് ചിലപ്പോൾ ഒരിക്കലും ലഭിക്കണമെന്നില്ല.ഈ പുരസ്‌കാരം തന്നെ ഏറെ വൈകിയാണ്. എങ്കിലും സന്തോഷം. Kadappad: വിനീഷ് കെ എൻ