Madiyan Kumaran Karnamoorthi

Madiyan Kumaran Karnamoorthi

  • മഡിയൻ കുമാരൻ കർ‍ണമൂർത്തി മഡിയൻ കൂലോത്തെ കാളരാത്രി ഭഗവതിയുടെ കോലധാരി. അള്ളടം നാട്ടിലെ മൂന്ന് സുപ്രധാന കോലധാരികളിൽ ഒരാൾ. 1968ല്‍ കാഞ്ഞങ്ങാട് സൗത്തിലെ ദാമോദരൻ വൈദ്യരുടെയും പാറുവമ്മയുടെയും മകനായി ജനനം. കുട്ടിക്കാലത്ത് കര്‍ക്കടക തെയ്യം കെട്ടിയാണ് തെയ്യപ്രപഞ്ചത്തിലേക്കു കടന്നുവരുന്നത്. അമ്മാവൻ മഡിയൻ ചിണ്ടൻ ചിങ്കത്തിന്റെയും കണ്ണൻ കർണമൂർത്തിയുടെയും ശിഷ്യനായി തെയ്യത്തിന്റെ ബാലപാഠങ്ങൾ ഉൾക്കൊണ്ടു. ബളാന്തോട് സ്കൂളിലായിരുന്നു പത്താം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം. കാഞ്ഞങ്ങാട് നെഹ്റു കോളജിൽ‍ പ്രിഡിഗ്രി പഠനം. തുടക്കകാലത്ത് തെയ്യക്കാലത്തെ ഇടവേളകളിൽ ബസ് കണ്ടക്ടറായും പ്രവർത്തിച്ചിരുന്നു. പിന്നീട് ജീവിതം തെയ്യത്തിനായി മാറ്റിവച്ചു. മഞ്ഞടുക്കം തുളുർവനത്ത് പുലിമാരൻ തെയ്യമാണ് ആദ്യം കെട്ടിയാടിയ പ്രധാന തെയ്യം. ആചാരപ്പെടുന്നതിനു മുൻപു തന്നെ കാളരാത്രി ഭഗവതി, നടയില്‍ ഭഗവതി, പുലിക്കണ്ടൻ, പുലിയൂർ കാളി, പുള്ളിക്കരിങ്കാളി, കാളപ്പുലിയൻ, പുലിയൂർ കണ്ണൻ, കരിന്തിരി നായർ തുടങ്ങി വണ്ണാന്‍ സമുദായം കെട്ടിയാടുന്ന പ്രധാന തെയ്യങ്ങളുടെ കോലധാരിയാകാൻ ഭാഗ്യം ലഭിച്ചു. 2009ൽ നീലേശ്വരം രാജാവ് ഇ.സി. കൃഷ്ണവർമ രാജയിൽനിന്ന് കർണമൂർത്തിയായി ആചാരം സ്വീകരിച്ചു. മഡിയൻ കൂലോത്ത് കാളരാത്രി ഭഗവതിയുടെ കോലധാരിയാകാനാണ് ആചാരപ്പെടുന്നത്. പക്ഷേ മ‍‍ഡിയന്‍ കൂലോത്തെ കോലധാരിയായ കണ്ണൻ കർണമൂർത്തിക്ക് അപ്രതീക്ഷിതമായി ഒരു അപകടം സംഭവിച്ചപ്പോൾ പകരക്കാരനായി കോലം ധരിക്കാനുള്ള നിയോഗം ഇദ്ദേഹത്തിനു ലഭിച്ചു. ആചാരപ്പെടും മുൻപായിരുന്നു ഇത്. കർണമൂർത്തിയാകുംമുൻപ് നടയിൽ ഭഗവതിയായും ഭക്തർക്ക് അനുഗ്രഹമേകി. മാണിക്കോത്ത് മാണിക്യ മംഗലം പുന്നക്കാൽ ഭഗവതിക്ഷേത്ര പെരുങ്കളിയാട്ടത്തിൽ ഉച്ചൂളിക്കടവത്ത് ഭഗവതിയുടേയും മണലിൽ പാടാർകുളങ്ങര ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിൽ പാടാർകുളങ്ങര ഭഗവതിയുടേയും കോലം ധരിക്കാൻ ഭാഗ്യം ലഭിച്ചു. 2009 മുതൽ 2026 വരെ മഡിയൻ കൂലോത്ത് കാളരാത്രിയമ്മയായി ഭക്തരെ അനുഗ്രഹിച്ചു. മടിക്കൈ മാടത്തിൽ വേട്ടക്കൊരു മകന്റെയും കണിക്കൂലോത്ത് ക്ഷേത്രപാലകൻ ഈശ്വരന്റെയും വയമ്പിൽ കൂലോത്ത് മുളവന്നൂർ ഭഗവതിയുടെയും കിഴക്കുംകര പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനത്തെ പുള്ളിക്കരിങ്കാളിയുടേയും കോലധാരി. തുളുര്‍വനം ക്ഷേത്രത്തില്‍ 36 വർഷമായി മുന്നായർ ഈശ്വരൻ കെട്ടിയാടുന്നു. വയനാട്ടുകുലൻ തെയ്യം കെട്ട് മഹോത്സവങ്ങളിൽ 32 തവണ കോരച്ചൻ തെയ്യം കെട്ടിയാടി. രക്തജാതൻ, പൂമാരുതൻ, കമ്മാടത്ത് ഭഗവതി, ശ്രീഭൂതം, ചെറിയ ഭഗവതി, കന്നിക്കൊരു മകന്‍ തുടങ്ങി നിരവധിയായ തെയ്യങ്ങൾ കെട്ടിയാടുന്നത് തുടരുന്നു. കാഞ്ഞങ്ങാട് പനത്തടിയിലാണ് താമസം. ഭാര്യ– ഗൗരി. ഐടിഐ വിദ്യാർഥിയായ മകൻ അനുഗ്രഹ്, യുവതെയ്യം കലാകാരൻ കൂടിയാണ്. ഇനിയും തെയ്യങ്ങൾ കെട്ടിയാടാൻ കുമാരൻ കർണമൂർത്തിക്കു ഭാഗ്യം ലഭിക്കട്ടെ എന്ന പ്രാർഥനയോടെ... Kadappad©️ വടക്കൻ മലയാളി
Chat Now
Call Now