Mattankeel Kannan Peruvannan

Mattankeel Kannan Peruvannan

  • ചെറുകുന്ന് - കണ്ണപുരത്തിന് അടുത്തുള്ള മാറ്റാങ്കീൽ ആണ് സ്വദേശം. മാറ്റാങ്കീൽ രാമൻ പെരുവണ്ണാന്റെയും അമ്മിണി അമ്മയുടെയും ഏഴു മക്കളിൽ അഞ്ചാമൻ ആണ് ഇദ്ദേഹം. അഞ്ചാം വയസ്സിൽ ആടിവേടൻ കെട്ടി തുടങ്ങിയ ഇദ്ദേഹം തന്റെ പതിനഞ്ചാം വയസ്സിൽ കണ്ണപുരം കിഴക്കേ കാവിൽ ധർമദൈവത്തെ കെട്ടിയാടി തെയ്യം മേഖലയിൽ സജീവമായി. കണ്ണപുരം കയാൽ പുതിയഭഗവതി തിറ അടിയന്തിരത്തിൽ പുതിയ ഭഗവതി കോലം കെട്ടിയാടി ചിറക്കൽ തമ്പുരാനിൽ നിന്ന് പട്ടും വളയും സ്വീകരിച്ച് പെരുവണ്ണാനായി ആചാരപ്പെടുമ്പോൾ ഇദ്ദേഹത്തിന് വെറും 16 വയസ്സ് മാത്രം ആയിരുന്നു പ്രായം. നിലവിൽ നെടുബാലിയൻ ദൈവം എന്ന് കേൾക്കുമ്പോൾ കണ്ണൂരിലെ ഭൂരിഭാഗം ഭക്തർക്കും തെയ്യപ്രേമികൾക്കും ആദ്യം മനസ്സിൽ ഓടിയെത്തുന്ന കോലധാരിയുടെ മുഖം ഇദ്ദേഹത്തിന്റേത് ആയിരിക്കുമെന്ന് നിസംശയം പറയാം. നെടുബാലിയൻ ദൈവത്തിന്റെ കലാശങ്ങളും കർമങ്ങളും ഇത്രത്തോളം ഭംഗിയായി പൂർത്തീകരിക്കുന്ന കോലധാരികൾ വിരളമാണ്. ബാലി തെയ്യത്തിന് പുറമെ വയനാട്ടുകുലവൻ, പുലിയൂർ കാളി, ചുഴലി ഭഗവതി, ഭദ്രകാളി, നീലിയാർ ഭഗവതി, കടാങ്കോട്ട് മാക്കം ഭഗവതി, തോട്ടുംകര ഭഗവതി, മാഞ്ഞാളമ്മ, നരമ്പിൽ ഭഗവതി, ചന്ദ്രനെല്ലൂർ ഭഗവതി, ധൂളിയാംകാവിൽ ഭഗവതി, എടലാപുരത്തു ചാമുണ്ഡി, മുത്തപ്പൻ വെള്ളാട്ടം, തിരുവപ്പന എന്നീ തെയ്യക്കോലങ്ങളോടൊപ്പം ഇലക്കേൻ ദൈവം, കുറിയിലച്ചൻ ദൈവം, ബമ്മുരിക്കൻ, കരിമുരുക്കൻ എന്നീ അപൂർവ തെയ്യക്കോലങ്ങളും ഇദ്ദേഹം തന്റെ തെയ്യസപര്യയിൽ കെട്ടിയാടി. തെയ്യാട്ടത്തിന് പുറമെ മാക്കം ഭഗവതി തോറ്റം, നെടുബാലിയൻ തോറ്റം, തെക്കൻ കരിയാത്തൻ തോറ്റം തുടങ്ങിയ ഒട്ടുമിക്ക തെയ്യത്തിന്റെ തോറ്റങ്ങളിലും ഉള്ള ഇദ്ദേഹത്തിന്റെ പ്രാവീണ്യം എടുത്തുപറയേണ്ടതാണ്. ഇനിയും ഒട്ടനേകം വർഷങ്ങൾ നിരവധി തെയ്യക്കോലങ്ങൾ കെട്ടിയാടാൻ ഈ അനുഗ്രഹീത കോലധാരിക്ക് സാധിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് .. കടപ്പാട്: രാവണൻ
Chat Now
Call Now