Muthukuda Lakshmanan

Muthukuda Lakshmanan

  • മുതുകുട ഭരണൂൽ ഭഗവതി ക്ഷേത്രത്തിലെ ചോരക്കട്ടിയമ്മ യുടെ കോലാധാരി പ്രശസ്ത തെയ്യം കനലാടി ശ്രീ. ലക്ഷ്മണൻ ഗുരുക്കൾ . വ്യത്യസ്തങ്ങളായ നിരവധി തെയ്യങ്ങളുടെ കോലാധാരിയാണ് ലക്ഷ്മണൻ ഗുരുക്കൾ . അദ്ദേഹത്തോട് സംസാരിച്ചപ്പോഴാണ് മനസ്സിലായത് ഞാൻ ഇത്രയും നാൾ കണ്ടതു മാത്രമല്ല നമ്മുടെ നാട്ടിലെ തെയ്യങ്ങളെന്ന് . ശ്രീ ആർ.സി കരിപ്പത്ത് മാഷിന്റെ ഭാഷയിൽ പറഞ്ഞാൽ "തെയ്യങ്ങളുടെ പ്രപഞ്ചം " തന്നെയാണ്. ലക്ഷ്മണൻ ഗുരുക്കൾ തന്റെ പതിനഞ്ചാം വയസ്സിൽ തന്റെ വീടിനടുത്ത ഭരണൂൽ ഭഗവതി ക്ഷേത്രത്തിൽ "കാൽപ്പെരുമാറ്റ് " വഴിയാണ് ആദ്യമായി തലപ്പാളി അണിയുന്നത്. അച്ഛനാണ് ഗുരുവെങ്കിലും, ഗുരുസ്ഥാനത്ത് കുഞ്ഞിരാമൻ ഗുരുക്കൾ . തന്റെ സമുദായത്തിന് കല്പിച്ചു കിട്ടിയ അനവധി നിരവധി വൈവിധ്യങ്ങളായ തെയ്യങ്ങളെ ചിട്ടപ്പെടുത്തി വിവിധ ക്ഷേത്രത്തിൽ ഭക്തർക്കായി ഉറഞ്ഞാടുവാൻ സാധിച്ചു. അദ്ദേഹം കെട്ടിയാടിയ തെയ്യങ്ങളിൽ പ്രധാനപ്പെട്ട കോലങ്ങൾ: മുത്ത ഭഗവതി (പട്ടുവം പടിഞ്ഞാറെ ചാൽ) , മുതുകുട മണി മുട്ടി ( വൈത്തിറ ). പുലിമറഞ്ഞ തൊണ്ടച്ചൻ , മരുതിയോടൻ തൊണ്ടച്ചൻ, പൊല്ലാരൻ ദൈവം, ഐപ്പള്ളി ദൈവം, വെള്ളു ഗുരിക്കൾ, ചോര കളത്തിൽ പൊടിച്ച ഗുരുനാഥൻ, പടയിൽ വീണ തൊണ്ടച്ചൻ , പീഠം മുകളേറിയ തൊണ്ടച്ചൻ , മാടായി ഗുരിക്കൾ, നമ്പോലൻ തെയ്യം, കൊടക്കൽ ഗുരുനാഥൻ , മാടായിടം ദൈവം, അഴീക്കോട് ഗുരുനാഥൻ, മന്ത്രമൂർത്തികൾ, മല ചാമുണ്ഡി, ചോര കട്ടിയമ്മ, കാളി..... ലക്ഷ്മണൻ ഗുരുക്കൾ നിരവധി കോലങ്ങൾ പകർന്നാടിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട തെയ്യം ചോരക്കട്ടി അമ്മ തന്നെയാണ്. രണ്ടോ മൂന്നോ ദേവസ്ഥാനങ്ങളിൽ മാത്രമാണ് ഈ തെയ്യം കെട്ടിയാടുന്നത്. ചോരക്കട്ടി ഭഗവതിയെ അതിന്റെ യഥാർത്ഥ ഭാവത്തിലും രൂപത്തിലും തിരുമുറ്റത്ത് ഉറഞ്ഞാടാൻ ലക്ഷ്മണൻ ഗുരുക്കൾക്ക് സാധിക്കുന്നു. ചുകപ്പ് പുതച്ച് മുഖത്ത് ചുകപ്പ് തേച്ച് കൈയ്യിൽ ആയുധവുമായി ആലസ്യത്തിൽ അലറി വിളിച്ച് നട്ടുച്ച നേരത്ത് വയലിലൂടെ ചോരക്കട്ടിയമ്മയുടെ കുളിച്ച് വരവും തുടിയുടെ താളത്തിൽ കോഴിയുടെ കഴുത്ത് പറിച്ചെറിഞ്ഞ് ചോരകുടിച്ചും . കത്തുന്ന തിരിയിലെ അഗ്നി വിഴുങ്ങിയും അലറി വിളിച്ച് ഉറഞ്ഞാടുന്ന ചോരക്കട്ടിയമ്മയുടെ രൂപം ഭക്തരിൽ ഭയവും ഭക്തിയും കുറച്ചൊന്നുമല്ല ഉണ്ടാക്കുന്നത്. തോറ്റംപാട്ടിലൂടെ യാണ് തെയ്യാട്ടത്തിൽ ലക്ഷ്മണൻ ഗുരുക്കൾ സജീവമായത്. തോറ്റംപാട്ടുകൾ എല്ലാം ഹൃദ്യസ്തമാണ് ലക്ഷ്മണൻ ഗുരിക്കൾക്ക്. തുടിയുടെ താളത്തിൽ തോറ്റത്തിന് ഏറെ പ്രാധാന്യമുള്ള പുലിമറഞ്ഞ തൊണ്ടച്ചൻ തെയ്യത്തിലെ മാടായികാരി ഗുരുക്കളുടെ കഥ തോറ്റംപാട്ടിലൂടെ അതിന്റെ ഭക്തിയും തന്മയത്വവും ചോർന്നുപോകാതെ രാത്രി മുഴുവൻ ഉറക്കമൊഴിച്ച് ചൊല്ലുന്നതിൽ അഗ്രഗണ്യനാണ് ലക്ഷ്മണൻ ഗുരിക്കൾ . തെയ്യം അനുഷ്ഠാന സംരക്ഷണ സമിതി സംസ്ഥാന ഭാരവാഹി കൂടി ആണ് ഇദ്ദേഹം. ഭാര്യ കെ. ചന്ദ്രമതി, രണ്ട് പെൺ മക്കളാണ് ആതിര, അനശ്വര. സമുദായത്തിന് കല്പിച്ച് കിട്ടിയ തെയ്യങ്ങളുടെ തോറ്റംപാട്ടുകൾ ചിട്ടപ്പെടുത്തിയും യഥാവിധി അനുഷ്ഠാനത്തിലൂടെ ഭക്തർക്കായി ഉറഞ്ഞാടുന്ന ലക്ഷ്മണൻ ഗുരുക്കൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. കടപ്പാട്: ©️ ranjith chenicheri
Chat Now
Call Now