Pallikkara Prasad Karnnamoorthi
-
പള്ളിക്കര പ്രസാദ് കർണമൂർത്തി നീലേശ്വരം രാജകൊട്ടാരത്തിന്റെ പരിധിയിൽ പ്രധാനപ്പെട്ട നാലു ആചാരങ്ങളാണ് ഉള്ളത്, അതിൽ ഒന്നാണ് പള്ളിക്കര കർണ്ണമൂർത്തി. ഇപ്പോൾ ആ സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയാണ് പ്രസാദ് കർണ്ണമൂർത്തി. കർണ്ണമൂർത്തിക്കാണ് പാലന്തായി കണ്ണൻ എന്ന അപൂർവ തെയ്യം കെട്ടാൻ അവകാശവും. പ്രഭാകരൻ- ഉഷ ദമ്പതികളുടെ മകനായ പ്രസാദ്, നീലേശ്വരം സ്വദേശിയാണ്. തെയ്യങ്ങളെ നെഞ്ചോടു ചേർത്തു ഭക്തർക്ക് അനുഗ്രഹ വർഷം ചൊരിഞ്ഞ ബാലൻ കർണമൂർത്തി ആണ് ഇദ്ദേഹത്തിന്റെ ഗുരു സ്ഥാനീയൻ. ആടി വേടൻ കെട്ടി തെയ്യ പ്രപഞ്ചത്തിലേക്കു കാലെടുത്തു വെച്ച പ്രസാദ് കർണ്ണമൂർത്തി ഒൻപതിൽ പഠിക്കുമ്പോൾ ആണ് തെയ്യത്തെ തോറ്റിചമച്ചു വരവിളിച്ചു സജീവമായി തെയ്യത്തിലേക്കു കടന്നു വരുന്നത്.2008ൽ ആണ് ഇദ്ദേഹം പള്ളിക്കര കർണ്ണമൂർത്തിയായി ആചാരപ്പെടുന്നത്. ചാത്തമത്ത് മാടം വൈരജാതൻ ഈശ്വരൻ കെട്ടാൻ വേണ്ടി, നീലേശ്വരം കോവിലകത്തെ തമ്പുരാനിൽ നിന്നും ആചാരം സ്വീകരിച്ചു. വേട്ടക്കൊരുമകൻ, പാലന്തായി കണ്ണൻ, വിഷ്ണുമൂർത്തി, ഒറ്റക്കോലം, പാടാർകുളങ്ങര ഭഗവതി, കാവിൽ ഭഗവതി, നടയിൽ ഭഗവതി തുടങ്ങിയ വിവിധ തെയ്യങ്ങൾ കെട്ടിയാടി.അച്ചാംതുരുത്തി ബാലഗോകുലത്തിൽ തുടർച്ചയായി അഞ്ചു തവണ വിഷ്ണുമൂർത്തി ഒറ്റക്കോലം കൊണ്ടുകൂട്ടി, അതു അദ്ദേഹത്തിന്റെ ജീവിത അഭിലാഷം തന്നെയായിരുന്നു, അധികം പേർക്ക് ലഭിക്കാത്ത അപൂർവ സൗഭാഗ്യം .തെയ്യങ്ങൾ കെട്ടിയാടുന്നതിനു പുറമെ തെയ്യത്തോട് അനുബന്ധിച്ചു തോറ്റം പാട്ടുകളിലും, വിവിധ തെയ്യം മുഖത്തെഴുതുകളിലും, അണിയലം ഉണ്ടാക്കുന്നതിലും, തിരിയോലപണിയിലും, കൂടാതെ വാദ്യമായ ചെണ്ടയിലും ഇദ്ദേഹം മികവ് തെളിയിച്ചിട്ടുണ്ട്.