മോറാഴ ദേശത്തെ സജീവകോലധാരികളിൽ ശ്രദ്ധേയനാണ് ഇദ്ദേഹം. പ്രഗത്ഭ ഘണ്ടകർണൻ തെയ്യം കോലധാരി ആയിരുന്ന ശ്രീ എൽ. ടി ഉണ്ണിപണിക്കറുടെയും ചിന്നുക്കുട്ടി അമ്മയുടെയും മകൻ ആയി ജനനം. മിക്ക തെയ്യക്കാരെയും പോലെ ചെറിയ പ്രായത്തിൽ തന്നെ വേടൻ തെയ്യം കെട്ടി തുടങ്ങി, തന്റെ പതിമൂന്നാം വയസ്സിൽ വട്ടാക്കീൽ മുച്ചിലോട്ട് കാവിൽ വിഷ്ണുമൂർത്തി തെയ്യം കെട്ടി തെയ്യജീവിതം ആരംഭിച്ചു. തെയ്യത്തിന്റെ വഴിയിൽ അച്ഛൻ തന്നെ ആയിരുന്നു ഇദ്ദേഹത്തിന്റെ ആദ്യ ഗുരുനാഥൻ, വല്യച്ഛൻ ആയ മോറാഴ ബാലൻ പണിക്കർ ആണ് ഇദ്ദേഹത്തിന് ആദ്യമായി തലപ്പാളി വെച്ച് കൊടുത്തത്. ഒരു തെയ്യക്കാരൻ എന്ന നിലയിൽ ഇദ്ദേഹത്തിന് പ്രചോദനവും ഉപദേശങ്ങളും ഒക്കെ നൽകി എന്നും കൂടെ ഉണ്ടായിരുന്നത് ചുണ്ട രമേശൻ പണിക്കർ, എൽ. ടി മുരളി പണിക്കർ, എൽ. ടി ഷൈജു പണിക്കർ എന്നിവർ ആണ്. നിരവധി ഘണ്ടകർണൻ തെയ്യം കെട്ടിയാടിയ ഇദ്ദേഹം ഗുളികൻ, പൊട്ടൻ തെയ്യം, കരുവാൾ ഭഗവതി, വിഷ്ണുമൂർത്തി തുടങ്ങി അനേകം തെയ്യങ്ങൾ കെട്ടിയാടിയിട്ടുണ്ട്. പൊട്ടൻ തെയ്യം കെട്ടിയാടിയതിന്റെ ഫലമായി തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്ര കൊട്ടുംപുറത്ത് വെച്ച് ഇദ്ദേഹത്തിന് പട്ടും വളയും നൽകി പണിക്കർ ആയി ആചാരപ്പെടുത്തി. പിതാവ് ഉണ്ണി പണിക്കർ തെയ്യാട്ടത്തോടൊപ്പം തന്നെ നാടക അഭിനയത്തിലും പ്രാവീണ്യം തെളിയിച്ച ഒരു അതുല്യ പ്രതിഭ ആയിരുന്നു, അദ്ദേഹത്തിന്റെ വഴിയിൽ തന്നെ ആണ് പൊന്നു പണിക്കറുടെയും യാത്ര; നാടക അഭിനയത്തിന് പുറമെ സിനിമയിലും കുറച്ച് വേഷങ്ങൾ ചെയ്യാൻ ഇദ്ദേഹത്തിന് സാധിച്ചു. ഇനിയും നിരവധി വർഷങ്ങൾ ഒട്ടനവധി തെയ്യക്കോലങ്ങൾ കെട്ടിയാടാൻ ഇദ്ദേഹത്തിന് സാധിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്.. കടപ്പാട്: രാവണൻ