ചുഴലി സ്വരൂപത്തിൽ യുവതലമുറയിലെ ശ്രദ്ധേയനായ കോലധാരിയാണ് ഇദ്ദേഹം. പ്രശസ്ത തെയ്യം കോലധാരിയായിരുന്ന ഒതേന പെരുവണ്ണാന്റെയും കല്യാണി അമ്മയുടെയും മകനായ ഇദ്ദേഹത്തിന്റെ സ്വദേശം കണ്ണൂർ ജില്ലയിലെ കുറുമാത്തൂരിനടുത്തുള്ള കൊളത്തൂർ ആണ്. അഞ്ചാം വയസ്സിൽ വേടൻ കെട്ടി തെയ്യരംഗത്തേക്ക് ചുവടുവെച്ച ഇദ്ദേഹം, തന്റെ പതിമൂന്നാം വയസ്സിൽ ചുഴലി അരയാക്കീൽ പുതിയ ഭഗവതി ക്ഷേത്രത്തിൽ പാടാർകുളങ്ങര വീരൻ കെട്ടി കാവുകളിലും അരങ്ങേറി. തോട്ടുംകര ഭഗവതി കെട്ടിയാടുന്നതിൽ ഏറെ ശ്രദ്ധേയനാണ്. അരോളി ചിറ്റോത്തിടം മന്ത്രശാലയിൽ തുടർച്ചയായി തോട്ടുങ്കര ഭഗവതി കോലം കെട്ടിയാടിയ ഇദ്ദേഹത്തെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര കൊട്ടുംപുറത്ത് വെച്ച് പട്ടും വളയും നൽകി ആചാരപ്പെടുത്തി. അണിയല നിർമാണങ്ങളിലും മുഖത്തെഴുത്തിലും തോറ്റം പാട്ടുകളിലും പ്രഗത്ഭനായ, ഗംഗാധരൻ കൊളത്തൂർ ഇദ്ദേഹത്തിന്റെ ജ്യേഷ്ഠൻ ആണ്. തോട്ടുംകര ഭഗവതിക്ക് പുറമെ, പുതിയ ഭഗവതി, നരമ്പിൽ ഭഗവതി, ധൂളിയാങ്കാവിൽ ഭഗവതി, അർദ്ധ ചാമുണ്ഡി, കതിവനൂർ വീരൻ, കണ്ടനാർ കേളൻ, കുടിവീരൻ, ഊർപ്പഴശ്ശി - വേട്ടക്കൊരുമകൻ, മാണിക്യ ഭഗവതി, ആലോട്ട് ഭഗവതി, തായ്പരദേവത, വടക്കത്തി ഭഗവതി, നാഗകന്നി, മുത്തപ്പൻ വെള്ളാട്ടം തുടങ്ങി ഒട്ടനേകം തെയ്യക്കോലങ്ങൾ കെട്ടിയാടിയിട്ടുണ്ട്. പുതിയ ഭഗവതിയുടെ എഴുപത്തി മുടി നിർമ്മിക്കുന്നതിൽ ഇദ്ദേഹത്തിന്റെ മികവ് എടുത്തുപറയേണ്ടിയിരിക്കുന്നു. മുഖത്തെഴുത്തിലും അണിയല നിർമ്മാണത്തിലും ഏറെ പ്രാഗത്ഭ്യം തെളിയിച്ച ഒരു വ്യക്തി കൂടി ആണ് പ്രേമരാജൻ പെരുവണ്ണാൻ. കടപ്പാട്: രാവണൻ