സ്വദേശം കയരളം. ഒട്ടുമിക്ക തെയ്യകോലങ്ങളും കെട്ടാറുണ്ടെങ്കിലും ശ്രദ്ദിക്കപ്പെട്ടതു ഇളംങ്കോലം തെയ്യത്തിലാണ്. മിക്കവാറും ഒരു സീസണിൽ ഏറ്റവും കൂടുതൽ കഴിക്കുന്ന തെയ്യം ഏതാണെന്നു ചോദിച്ചാൽ അതു ഇളംകോലവും തമ്പുരാട്ടിയും തന്നെയായിരിക്കും. അത്രമാത്രം ഇദ്ദേഹത്തിന്റെ ഇളംങ്കോലം ശ്രദ്ദിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. മരക്കലത്തിലായാലും മറ്റ് ക്ഷേത്രങ്ങളിലായാലും കോലധാരിയെ നിശ്ചയിക്കുമ്പോൾ ആദ്യ പരിഗണന മിക്കവാറും രാജീവൻ പെരുവണ്ണാന് ആയിരിക്കും. ഇളങ്കോലത്തിന്റെ കലാശങ്ങളിൽ ചട്ടമറിക്കുക എന്നതിനു പ്രാധ്യാന്യം കൂടുതലാണ്. കണ്ടു നിൽക്കുന്നവരിൽ ആവേശം ഉണ്ടാക്കാൻ മാത്രം ശക്തിയുണ്ട് ഇളങ്കോലത്തിന്റേ ചട്ടമറിക്കലിന്. ഇളങ്കോല ചട്ട എന്നു തന്നെയാണു തിരുമുടിക്ക് പറയുന്ന പേരും. ചട്ടമറിക്കുന്നതിലുള്ള വേഗതയും കൃത്യതയും മറ്റ് ഇളങ്കോലക്കാരിൽ നിന്നും രാജീവൻ പെരുവണ്ണാനേ വ്യത്യസ്തനാക്കുന്നു. ഇളങ്കോലചട്ടമറിക്കലിൽ ഒരു വശത്തേക്ക് മറിക്കുന്ന അത്രയും എണ്ണം തന്നെ അതേ വേഗതിൽ മറുവശത്തേക്കും മറിക്കുന്നതിൽ ഉള്ള കയ്യടക്കം ആണു മറ്റു ഇളങ്കോലകാരിൽ നിന്നും വേറിട്ടൊരസ്ഥിത്വം ഇദ്ദേഹത്തിനു ലഭിക്കാൻ കാരണം. പത്തൊൻപതാം വയസ്സിൽ കയരളം പുതിയവീട് തായ്പരദേവതാ ക്ഷേത്രത്തിൽ നിന്നും ബാലി തെയ്യത്തിനു പെരുവണ്ണാൻ ആചാരം. അതേ വർഷം തന്നെ മേച്ചേരി വയൽതിറയിൽ പുതിയ ഭഗവതികോലത്തിന് നാട്ടുകാർ പട്ടും വളയും നൽകി ആദരിക്കുകയുണ്ടായി. അച്ഛനും ഗുരുനാഥനുമായ കയരളം ഒതേന പെരുവണ്ണാന്റെ കൈപിടിച്ച് കെട്ടിയാട്ടമേഖലയിലേക്ക് രംഗപ്രവേശം. പതിനാലാം വയസ്സിൽ കൊടുമുടിയണിഞ്ഞായിരുന്നു കെട്ടിയാട്ട രംഗത്തേക്കുള്ള പ്രഥമ കാൽവയ്പ്പ്. നടാൽ ഊർപ്പഴശി ക്ഷേത്രത്തിൽ നിന്നും ചേലയും ചുരികയും നൽകി ഊർപ്പഴശ്ശി പെരുവണ്ണാൻ എന്ന വിശേഷ ആചാരത്തിനുടമയാക്കി. കണ്ണൂർ താളിക്കാവ്, കല്ല്യാശേരി കപ്പോത്ത് കാവ് എന്നീ ക്ഷേത്രങ്ങളിൽ വർഷങ്ങളായി ഇളങ്കോലം കഴിക്കുന്നതും ഇദ്ദേഹമാണ്, കൂടെ സഹോദരൻ രജീഷ് പെരുവണ്ണാനും കെട്ടിയാട്ടത്തിൽ ഇദ്ദേഹത്തോടൊപ്പം സജീവമാണ്. വരും നാളുകളിലും നിരവധി ഇളങ്കോലചട്ട വയ്ക്കാൻ ഇദ്ദേഹത്തെ ആ ഭഗവതി പ്രാപ്തനാക്കട്ടെ. കടപ്പാട്- ശ്രീക്രിയ