പാണപ്പുഴയുടെ തീരത്തെ ചിരസ്‌മരണീയരായ തെയ്യപ്രതിഭകളുടെ നിരയിൽ കാലം ആലേഖനം ചെയ്യുന്ന നാമങ്ങളിൽ ഒന്നായിരിക്കും സതീഷ് പെരുവണ്ണാൻ പറവൂരിന്റേത്. പ്രഗത്ഭ കോലധാരിയായ കുഞ്ഞിരാമൻ കുറ്റൂരാന്റെയും രോഹിണി അമ്മയുടെയും അഞ്ചുമക്കളിൽ നാലാമനായി ജനനം. ഗുരുവും മാർഗദർശകനുമെല്ലാം സ്വന്തം പിതാവ് തന്നെയായിരുന്നു. പ്രഗത്ഭ തെയ്യം കോലധാരി ശശിധരൻ പെരുവണ്ണാൻ പറവൂർ ഇദ്ദേഹത്തിന്റെ ജ്യേഷ്ഠ സഹോദരനാണ്. ഒട്ടുമിക്ക എല്ലാ കോലധാരികളെയും പോലെ ആടിവേടനിൽ തുടങ്ങുകയും പതിനാലാം വയസ്സിൽ മുത്തപ്പൻ കെട്ടി തെയ്യരംഗത്ത് ചുവടുറപ്പിക്കുകയും ചെയ്തു. ഇന്ന് കെട്ടിയാടപ്പെടുന്ന ഒട്ടുമിക്ക തെയ്യങ്ങളും കെട്ടിയാടാറുണ്ടെങ്കിലും മുത്തപ്പൻ,കണ്ടനാർ കേളൻ, കതിവനൂർ വീരൻ,കക്കറ ഭഗവതി,നെടുബാലിയൻ ദൈവം,ചാത്തു ദൈവം, മലക്കാരി തുടങ്ങിയവയാണ് കൂടുതലും കെട്ടിയാടിയിട്ടുള്ളത്. ഇദ്ദേഹത്തിന്റെ കണ്ടനാർ കേളൻ തെയ്യവും കതിവനൂർ വീരൻ തെയ്യവും തെയ്യപ്രേമികളുടെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനം ഇദ്ദേഹത്തിന് കൊടുത്തിട്ടുണ്ട്. കതിവനൂർ വീരന്റെ പ്രധാന സ്ഥാനങ്ങളിൽ ഒന്നായ ഒറ്റകാഞ്ഞിരം തട്ടിലായിരുന്നു ഇദ്ദേഹത്തിന്റെ കതിവനൂർ വീരൻ അരങ്ങേറ്റം. കണ്ണൂർ ചെമ്മിണിയൻ കാവിൽ നിന്നും കുറ്റ്യാട്ടൂർ എളമ്പിലാക്കണ്ടി മാച്ചേരി കുന്നുമ്മൽ വയനാട്ടുകുലവൻ ക്ഷേത്രത്തിൽ നിന്നും ഇദ്ദേഹത്തെ പട്ടും വളയും നൽകി ആചാരപ്പെടുത്തിയിട്ടുണ്ട്. കടപ്പാട്: രാവണൻ