Suresh Babu Anjoottan

Suresh Babu Anjoottan

  • അപൂർവ്വാവസരത്തിന്റെ ധന്യതയിൽ സുരേഷ് ബാബു അഞ്ഞുറ്റാൻ; കാപ്പാട്ടമ്മയുടെ തിരുമുടിയേറ്റുന്നത് രണ്ടാം തവണ പെരുങ്കളിയാട്ടങ്ങളിൽ പ്രധാന ഭഗവതിമാരുടെ തിരുമുടി അണിയുക എന്നത് ഏതൊരു കോലാധാരിയെയും സംബന്ധിച്ച് ജന്മ സാഫല്യമാണ്. സുദീർഘമായ കാത്തിരിപ്പിന് ശേഷം വന്നെത്തുന്ന പെരുങ്കളിയാട്ടത്തിൽ ഈ അസുലഭാവസരം രണ്ട് തവണ കൈവന്നാലോ.. അത്തരം അപൂർവ്വാവസരത്തിന്റെ ധന്യതയിലാണ് സുരേഷ് ബാബു അഞ്ഞൂറ്റാൻ. തുടർച്ചയായ രണ്ടാം തവണയാണ് ഈ ഭാഗ്യം അഞ്ഞുറ്റാനേ തേടിയെത്തുന്നത്. 1996 ൽ കാപ്പാട്ട് കഴകത്തിൽ നടന്ന പെരുങ്കളിയാട്ടത്തിലും കാപ്പാട്ട് ഭഗവതിയുടെ കോലധാരി ഇദ്ദേഹം തന്നെയായിരുന്നു. ഒട്ടെറെ പ്രത്യേകതകൾ ഉള്ള ആചാരമാണ് അഞ്ഞുറ്റാന്റേത്. അള്ളടത്തിൽ നീലേശ്വരം ഭാഗത്ത് അഞ്ഞൂറ്റാനായും പയ്യന്നൂർ ഭാഗത്തെത്തുമ്പോൾ പയനി മുന്നുറ്റാനുമായാണ് ആചാരം. കോലത്തിരി രാജവംശത്തിന്റെ കുലപര ദേവതയായ തിരുവർക്കാട്ട് ഭഗവതിയെ നീലേശ്വരം മന്നംപുറത്ത് കാവിൽ കെട്ടുന്നതിനുള്ള ആചാരമാണ് നീലേശ്വരം അഞ്ഞൂറ്റാൻ.പയ്യന്നൂർ തെരു അഷ്ടമച്ചാൽ ഭഗവതിയുടേയും മാവിച്ചേരി തുളു വീരനേയും കെട്ടാനുമുള്ള ആചാരമാണ് പയനി മുന്നൂറ്റാന്റേത്. ഇങ്ങനെ തെയ്യട്ടക്കളത്തിലെ തന്നെ അപൂർവതയാണ് ഈ ആചാരം. ഏറ്റവും കൂടുതൽ പെരുങ്കളിയാട്ടകാവുകൾ ഉള്ളത് നീലേശ്വരം അഞ്ഞൂറ്റാനാണ്. നെല്ലിക്കാത്തുരുത്തി കഴകം, കാപ്പാട്ട് കഴകം, വടയന്തൂർ കഴകം, പുതിയപറമ്പത്ത് ഭഗവതി ക്ഷേത്രം, പുതുക്കൈ മുച്ചിലോട്ട്, പൂന്തുരുത്തി മുച്ചിലോട്ട്(രണ്ട് മുച്ചിലോട്ടും വണ്ണാന്മാരുടേതുൾപ്പെടെ രണ്ട് മുച്ചിലോട്ട് ഭഗവതി കോലങ്ങൾ കെട്ടുന്നു)എന്നിവിടങ്ങളിൽ 'ഒന്നാനവകാശവും' നെല്ലിക്കാൽ ഭഗവതി ക്ഷേത്രം, എടയങ്ങാട്ട് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ 'രണ്ടാനവകാശവു'മാണ്.അതിനാൽത്തന്നെ ജീവിച്ചിരിക്കുന്ന കോലക്കാരിൽ സുരേഷ്‌ ബാബു അഞ്ഞൂറ്റാനോളം പെരുംകളിയാട്ടങ്ങളിൽ പ്രധാന ഭഗവതിയുടെ തിരുമുടിയേറ്റിയാൾ വേറെയില്ല.പതിനാല് പെരുങ്കളിയാട്ടങ്ങളിലാണ് ഇതിനോടകം അഞ്ഞൂറ്റാൻ പ്രധാന ഭഗവതിയുടെ തിരുമുടി അണിഞ്ഞത്. അച്ഛനും പ്രശസ്ത തെയ്യം കോലധാരിയുമായ കൃഷ്ണൻ അഞ്ഞുറ്റാനിൽ നിന്ന് തെയ്യത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ച് നന്നേ ചെറുപ്പത്തിൽ തന്നെ ഈ രംഗത്തേക്ക് വന്ന ഇദ്ദേഹം അപൂർവ്വങ്ങളായ തെയ്യങ്ങളും ഇതിനോടകം കെട്ടിയാടി. മാവിച്ചേരിയിലെ തുളുവീരൻ, അഷ്ടമച്ചാലിലെ വീരഭദ്രൻ, അച്ഛൻ തെയ്യം,മുച്ചിലോട്ട് ഭഗവതി,തിരുവർക്കാട്ട് ഭഗവതിയും സമാന ചൈതന്യമുള്ള തെയ്യങ്ങളും, ചൂളിയാർ ഭഗവതി,പുതിയ ഭഗവതി, പാടർക്കുളങ്ങര ഭഗവതി, കടവത്ത് ഭഗവതി,അട്ടക്കാട്ട് ഭഗവതി, ഉച്ചൂളിക്കടവത്ത് ഭഗവതി, കണ്ടംഭദ്ര, തുടങ്ങിയവയാണ് അഞ്ഞൂറ്റാൻ കെട്ടിയാടുന്ന പ്രധാന തെയ്യങ്ങൾ. 61 കാരനായ സുരേഷ് ബാബു അഞ്ഞൂറ്റാൻ നീലേശ്വരം സ്വദേശിയാണ്. IT & SOCIAL MEDIA COMMITTEE
Chat Now
Call Now