Sureshan Manakkadan

Sureshan Manakkadan

  • സുരേശൻ മണക്കാടൻ - തെയ്യങ്ങൾക്കായി അർപ്പിച്ച ജീവിതങ്ങളാണ് ഓരോ കനലാടിമാരും. ശ്വസിക്കുന്ന വായുവിലും പറയുന്ന വാക്കുകളിലും എല്ലാം തെയ്യം തന്നെ. തെയ്യങ്ങൾക്ക് രൂപവും ഭാവവും സ്വഭാവത്തിനനുസരിച്ചു നൽകുന്നത് ഓരോ കനലാടിയുടെയും മനഃസാന്നിധ്യവും അറിവും തന്നെയാണ്. അർപ്പണ ബോധത്തോടെ ഓരോ കോലസ്വരൂപത്തെയും പൂർണതയിൽ യാതൊരു ലാഭേച്ഛയും കൂടാതെ എത്തിക്കുന്ന കലാകാരന്മാരാണ് ഓരോ കനലാടിമാരും. അത്തരം ഒരു കലാകാരൻ ആണ് ശ്രീ സുരേശൻ മണക്കാടൻ.മണക്കാടന്റെ ഓരോ കോലസ്വരൂപത്തിലേക്കുമുള്ള പൂർണമായ ആ ഭാവ പകർച്ച എന്നും ശ്രദ്ധേയമാണ് .1972 ൽ തെയ്യം കലാകാരനായ കോരന്റെയും തമ്പായിയുടെയും മകനായി കരിവെള്ളൂരിൽ ജനനം .കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദ ധാരിയായ ഇദ്ദേഹം വളരെ ചെറുപ്പത്തിൽ തന്നെ തെയ്യം കലയിൽ ഹരിശ്രീ കുറിച്ചു. ഉണ്ട മണക്കാടൻ ,അമ്മാവൻ അശോകൻ മണക്കാടൻ എന്നിവരുടെ ശിക്ഷണത്തിൽ തെയ്യം കലയിലേക്ക് കാലെടുത്തുവച്ചു .പിന്നീട് അങ്ങോട്ട് ഒരുപാട് ഗുരുക്കന്മാർ എണ്ണിയാൽ തീരാത്ത തെയ്യക്കോലങ്ങൾ . പട്ടേന പുതുക്കുളം ഇല്ലത്ത്‌ പല വട്ടം അഗ്നി കോലമായ പുതിയ ഭഗവതിയുടെ കോലമണിഞ്ഞു പഞ്ചാഗ്നിയെ വാരിപ്പുണർന്ന് പൈതങ്ങളെ അനുഗ്രഹിച്ചു .മഞ്ഞമ്മാട ദൈവീരുവർ സ്ഥാനത്തു പുതിച്ചേകോൻ തെയ്യം കെട്ടാനായി മണക്കാടൻ ആയി ആചാരപ്പെട്ടു.ആകാര ഭംഗികൊണ്ടും ഭാവ പകർച്ച കൊണ്ടും പിന്നീട് കെട്ടിയ കോലങ്ങൾ പൂർണതയിലെത്തിച്ചു . പുസ്തകങ്ങൾ ഒരുപാട് വായിക്കുന്ന ഇദ്ദേഹം അണിയല നിർമാണത്തിലും തോറ്റംപാട്ടിലും വളരെയധികം മികവ് പുലർത്തുന്നു .അതുകൊണ്ട് തന്നെ കോലസ്വരൂപങ്ങളുടെ മൊഴിയും വളരെയധികം ശ്രദ്ധേയമാണ്. അപൂർവ്വ തെയ്യക്കോലങ്ങളായ പൂളോൻ,പുതിച്ചേകോൻ, മലരാജൻ ,കൂടാതെ വീരഭദ്രൻ ,ഭഗവതിമാർ , ചാമുണ്ഡി, വിഷ്ണുമൂർത്തി,വേട്ടക്കൊരുമകൻ ,ഊർപഴശ്ശി ,അന്തിത്തിറ ഇങ്ങിനെ എണ്ണിയാൽ തീരാത്ത കോലങ്ങളും കെട്ടിയാടി .തെയ്യത്തിന്റെ എല്ലാ മേഖലകളിലും പ്രവർത്തിച്ചുവരുന്ന ഇദ്ദേഹം ഇനിയും മഹത്തായ ഈ അനുഷ്ഠാനത്തിൽ വളരെയധികം ശോഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Chat Now
Call Now