കൂടുവക്കുളങ്ങര ഭഗവതിയമ്മ
ദാരികനിഗ്രഹശേഷം അതെ രൗദ്രതയോടെ മാടായിക്കാവിൽനിന്നും ഭൂമി പാതാളം വഴി ഭുതലത്തിലേക്ക് ഉയർന്നു കുടുവക്കുളങ്ങര കാവിലമർന്ന കാനത്തിൽ കരിങ്കാളി.....
ദേവിയുടെ ഐതീഹ്യം
ശ്രീ മഹാദേവന്റെ ആജ്ഞ ധിക്കരിച്ച് തന്റെ പിതാവായ ദക്ഷന്റെ രാജധാനിയില്‍ സതീ ദേവി യാഗത്തിന് ചെന്നു. ദക്ഷനാല്‍ അപമാനിതയായ സതീ ദേവി യാഗാഗ്നിയില്‍ ചാടി ആത്മാഹുതി ചെയ്തു. ഇതറിഞ്ഞ ശിവന്‍ കോപം കൊണ്ട് വിറച്ച് താണ്ഡവമാടുകയും ഒടുവില്‍ തന്റെ ജട പറിച്ച് നിലത്തടിക്കുകയും ചെയ്തു. അതില്‍ നിന്ന്‍ അപ്പോള്‍ ഭദ്രകാളിയും വീരഭദ്രനും ജന്മം പൂണ്ടു. ഇങ്ങിനെ ജന്മമെടുത്ത ഭദ്രകാളി ശിവാജ്ഞ പ്രകാരം ഭൂതഗണങ്ങളെയും കൂട്ടി ദക്ഷന്റെ യാഗസ്ഥലത്ത് ചെല്ലുകയും അവിടം മുഴുവന്‍ നശിപ്പിക്കുകയും ദക്ഷന്റെ തലയറുത്ത് യാഗശാലയിലെ അഗ്നിക്കിരയാക്കുകയും ചെയ്തു. തിരിച്ചു വന്ന ഓമന മകള്‍ക്ക് ശിവന്‍ കൈലാസ പര്‍വതത്തിന് വടക്ക് രാജതാജലത്തി നടുത്തായി വസിക്കാന്‍ ഇടം നല്‍കുകയും ചെയ്തുവത്രേ.
ദേവി പിന്നീട് ദേവാസുര യുദ്ധസമയത്താണ് വീണ്ടും അവതരിക്കുന്നത്. അന്ന് ദേവി എഴാനകളുടെ ശക്തിയുള്ള ദാരികനെ ഏഴു പിടിയാല്‍ പിടിച്ചു തലയറുത്ത് ചോര കുടിച്ചുവത്രെ. ഏഴു ദിവസം തുടര്‍ച്ചയായി ദാരികനുമായി യുദ്ധം നടത്തിയ കാളി എട്ടാം ദിവസമാണ് ദാരികനെ കൊന്നു ചോര കുടിക്കുന്നത്. അങ്ങിനെ തന്റെ അവതാര ലക്‌ഷ്യം പൂര്‍ത്തിയാക്കിയ ദേവിയെ ശിഷ്ടജന പരിപാലനാര്‍ത്ഥം ശിവന്‍ ഭൂമിയിലേക്കയച്ചു. ഭൂമിയിലെത്തിയ ദേവി ഭദ്രകാളിക്ക് ശിവന്‍ വടക്ക് തിരുവര്‍ക്കാട് (മാടായി കാവ്), തെക്ക് (കളരിവാതില്‍ക്കല്‍), കിഴക്ക് (മാമാനികുന്ന്‍), പടിഞ്ഞാറ് (ചെറുകുന്ന് അന്ന പൂര്‍ണ്ണശ്വരി ക്ഷേത്രം) എന്നിങ്ങനെ കോലത്ത് നാടിനെ നാലായി പകുത്ത് നല്‍കി എന്നും അങ്ങിനെ കോലത്ത് നാടിന്റെ ആരാധനാ ദേവതയായി ഭദ്രകാളി മാറിയെന്നുമാണ് ഐതിഹ്യം.
പോറ്റിപ്പോരുന്നോരച്ചി’ എന്ന നിലയില്‍ മാടായിക്കാവിലച്ചി എന്ന് ഗ്രാമീണര്‍ ഭക്തിപുരസ്സരം വിളിക്കുന്ന തിരുവര്‍ക്കാട്ട് ഭഗവതിയാണ് തായിപ്പരദേവത എന്നറിയപ്പെടുന്നത്. ഈ ഭഗവതി തന്നെ ഭദ്രകാളിയെന്നും, കോലസ്വരൂപത്തിങ്കല്‍ തായി എന്നും കളരിയാല്‍ ഭഗവതി എന്നും അറിയപ്പെടുന്നു. കോലത്തിരി രാജാവിന്റെ മുഖ്യ ആരാധാനാ ദേവിയാണിത്. അത് കൊണ്ട് തന്നെ അമ്മ ദൈവങ്ങളില്‍ ഈ ദേവി മുഖ്യ സ്ഥാനം അലങ്കരിക്കുന്നു.
ദേശാന്തര വ്യത്യാസത്തിൽ ദേവി പല പേരുകളിലും അറിയപ്പെടുന്നു... കുടുവക്കുളങ്ങര ഭഗതിയും
വെരിക്കര ഭഗവതിയും പാച്ചേനി ഭഗവതിയും ഭദ്രകാളിയുടെ ദേശാന്തര നാമങ്ങൾ തന്നെയാണ്.....