 
                            Koragajja Theyyam / Koraga Thaniya Theyyam/ Koragan Theyyam (Tulu Theyyam)
കൊറഗ തനിയൻ അഥവാ കൊറഗജ്ജ
തുളു നാട്ടിലാകെ പ്രസിദ്ധമായ ഒരു കോലമാണ് കൊറഗ തനിയൻ അഥവാ കൊറഗജ്ജ. താണ ജാതിയായ കൊറഗ കുലത്തിൽ ജനിച്ച തനിയൻ അന്നം പൊറുക്കി തുടങ്ങും മുമ്പേ രക്ഷിതാക്കൾ മരണപ്പെട്ടു. പുഴയോരത്തെ മണലിൽ ഒറ്റക്കിരുന്നു കളിക്കുന്ന കുഞ്ഞിനെ കള്ള് വിൽക്കാൻ വന്ന രണ്ടു കുട്ടികളുടെ മാതാവായ ബൈരക്ക വൈദ്യത്തി വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയി മൂന്നാമത്തെ കുട്ടിയായി വളർത്തുന്നു.
ബൈരക്കയുടെ എൺസൂർ തറവാട്ടിൽ കളിയാട്ടം വന്നു. ബൈരക്കയുടെ വകയായുള്ള ഏഴേഴു ചുമട് തെങ്ങിൻ തിരിയോലയും വാഴത്തടയും തറവാട്ടിലെത്തിക്കാൻ തനിയൻ മുന്നോട്ടു വന്നു. തനിയന് വേണ്ടത് ഏഴു പേർക്കുള്ള ചോറും ഏഴു കോഴിക്കറിയും ഏഴു കുടം കള്ളും മാത്രം. അത് കഴിച്ചു ചുമടുമായി തനിയൻ എൺസൂർ തറവാട്ടിൽ എത്തി എന്നാൽ പടി കയറവെ കൈകാര്യക്കാർ തടഞ്ഞു. താണ ജാതി പടികേറി ശുദ്ധം കളയേണ്ട എന്ന വിലക്ക് കേട്ട് അവൻ വേദനിച്ചു. ഞാൻ കൊണ്ട് വന്ന തിരിയോലയും വാഴത്തടയും കൊള്ളാം. ഞാൻ മാത്രം മാടത്തിനടുത്ത് വന്നു കൂടാ. ഇതെന്ത് നീതി ? തനിയൻ മാടം തീണ്ടി. മാടത്തിനടുത്ത മാതളമരം നിറയെ മൂത്തു നിൽക്കുന്ന നാരങ്ങ. ഉപ്പിടാൻ നാരങ്ങ വേണമെന്ന് അമ്മ പറഞ്ഞത് തനിയൻ ഓർത്തു. തനിയൻ നാരകമരം കേറിയതും ലക്കേസരി തുറങ്കണ്ണു തുറന്നതും ഒപ്പമായിരുന്നു. തനിയൻ മായകം പ്രാപിച്ചു തെയ്യക്കോലമായി.
തനിയൻ തെയ്യത്തിനു അരി ത്രാവലാണ് നേര്ച്ച. തെയ്യത്തെ സ്ത്രീകൾ കാണരുതെന്ന് വിലക്കുണ്ട്. അത്യന്തം ദൃഷ്‌ടാന്തഫലങ്ങൾ നൽകുന്ന തെയ്യമെന്ന നിലയിൽ തുളുവർ അഗ്രിമ സ്ഥാനം നൽകി ആരാധിക്കുന്ന തെയ്യമാണ് കൊറഗ തനിയൻ. വിളക്കും ചൂട്ടു കറ്റയും നിഷിദ്ധമാണ് ഈ തെയ്യത്തിന്. രാത്രി ചിലമ്പൊശേയോടെയാണ് ഈ തെയ്യം പുറപ്പെടുക. തലയിൽ തൊപ്പി പാള, അരയിൽ ചെറുമണികളുള്ള പട്ട, കയ്യിൽ വടി, ചമയങ്ങളില്ലെങ്കിലും വിളിപ്പുറത്തോടി വരുന്ന ശക്തി വീര്യ ദേവൻ അതാണ് കൊറഗ തനിയ.
 
                                                     
                                                     
                                                    